ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണം; ഹര്‍ജി സുപ്രീം കോടതിയില്‍

ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് അമികസ് ക്യൂറിയുടെ ശുപാര്‍ശ
 

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് അമികസ് ക്യൂറിയുടെ ശുപാര്‍ശ. ഈ റിപ്പോര്‍ട്ടും ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ്. നിയമനിര്‍മ്മാണ സംഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നുമാണ് അമികസ് ക്യൂറി വിജയ് ഹസാരികയുടെ ശുപാര്‍ശ. ജനപ്രതിനിധികള്‍ പ്രതിയായ കേസുകളുടെ പുരോഗതി പ്രതിമാസം വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അതിവേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നേരത്തെ അമികസ് ക്യൂറിയെ നിയോഗിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ അയോഗ്യതകളെ സംബന്ധിച്ച നിര്‍വ്വചനം ഭരണഘടനാ വിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.