കടല്‍ക്കൊലക്കേസ് : ബോട്ടിലുണ്ടായിരുന്ന ഒമ്പത് മത്സ്യത്തൊഴിലാളികളും നഷ്ടപരിഹാരത്തിന് അര്‍ഹരെന്ന് സുപ്രീം കോടതി 

 

ന്യൂഡൽഹി: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികൾ മരിച്ച കേസിൽ ബോട്ടിലുണ്ടായിരുന്ന ഒമ്പതു പേർക്കും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. മത്സ്യതൊഴിലാളികൾക്കും ഇറ്റലി നൽകിയ നഷ്ടപരിഹാരത്തിന്റെ വിഹിതത്തിന് അർഹതയുണ്ടെന്നും സുപ്രിംകോടതിയുടെ നിർണായക ഉത്തരവിൽ പറയുന്നു. നഷ്ടപരിഹാരം ലഭിച്ച 2 കോടിയിൽ നിന്നും ബോട്ടുടമ ഈ തുക തൊഴിലാളികൾക്ക് നൽകണമെന്നും സുപ്രിംകോടതി നിർദേശിച്ചു. തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നൽകേണ്ടത്.

10 കോടി രൂപയായിരുന്നു എന്റിക ലെക്‌സി നൽകിയിരുന്നത്. വെടിയേറ്റ് മരിച്ച രണ്ടു മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് നാലുകോടി രൂപയും ബാക്കി രണ്ടുകോടി രൂപ ബോട്ട് ഉടമക്കുമാണ് ലഭിച്ചത്. എന്നാൽ ബോട്ടുടമ അന്ന് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്ക് പങ്കിടാതെ രണ്ടുകോടി ഒറ്റക്കെടുക്കുകയായിരുന്നു. ഇതിനെതിരെ തൊഴിലാളികൾ ഹരജിയുമായി ഹൈക്കോടതിയിലും പിന്നീട് സുപ്രിംകോടതിയിലും എത്തിയത്. ഇത് നിങ്ങൾക്ക് ഒറ്റക്ക് തന്നെതല്ല എന്നായിരുന്നു കോടതി ബോട്ടുടമയോട് പറഞ്ഞത്. ആ സമയത്ത് എല്ലാ ദുഃഖവും ദുരിതവും ആശങ്കയും അനുഭവിച്ച ഒപ്പം നിന്നവരാണ് തൊഴിലാളികൾ എന്നു ചൂണ്ടിക്കാട്ടി. ഈ തുക ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തുക വിതരണം ചെയ്യാനുള്ള നടപടികൾ എത്രയും വേഗം എടുക്കാനും സുപ്രിം കോടതി ഉത്തരവിട്ടു.

2012 ലാണ് കേരളത്തിലെ സമുദ്രാതിർത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. സെയ്ന്റ് ആന്റണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്.