3,400 ചുംബനങ്ങള്‍ നിറഞ്ഞ കാര്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ ഉടമയ്ക്ക് 5500 രൂപ പിഴ

ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായതോടെ പോലീസ് ഇതില്‍ ഇടപെട്ടു.

 

റോഡിലൂടെ പോകുമ്പോള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയും ചെയ്തു.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഏകദേശം 3,400 ചുംബനങ്ങള്‍ നിറഞ്ഞ ഒരു കാര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഉടമയ്ക്ക് പിഴ. ആദിത്യ സിക്കര്‍വാര്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് വിദേശ ട്രെന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഈ വിചിത്ര പരീക്ഷണം നടത്തിയത്.


കാമുകിയാണ് വിദേശ സോഷ്യല്‍ മീഡിയ ട്രെന്‍ഡ് അനുകരിച്ച് കാറിന്റെ പുറംഭാഗത്ത് ആയിരക്കണക്കിന് ലിപ്സ്റ്റിക് പ്രിന്റുകള്‍ പതിപ്പിച്ചത്. ഇതിനായി ഏകദേശം നാല് മണിക്കൂറോളം സമയമെടുക്കുകയും ചെയ്തിരുന്നു. റോഡിലൂടെ പോകുമ്പോള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായതോടെ പോലീസ് ഇതില്‍ ഇടപെട്ടു. ചിത്രങ്ങളിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ പരിശോധിച്ച് വാഹനം കണ്ടെത്തിയ ട്രാഫിക് പോലീസ്, ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് 5,500 രൂപ പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.


നടപടിയെത്തുടര്‍ന്ന് തെറ്റ് സമ്മതിച്ച ആദിത്യ സിക്കര്‍വാര്‍, കാറില്‍ ഉണ്ടായിരുന്ന മുഴുവന്‍ ലിപ്സ്റ്റിക് പാടുകളും നീക്കം ചെയ്ത് വാഹനം പൂര്‍വ്വസ്ഥിതിയിലാക്കി.