കോണ്‍ഗ്രസിനെ വഞ്ചിച്ച് സ്ഥാനാര്‍ത്ഥി ; ഉറപ്പിച്ച സീറ്റ് നഷ്ടമായ ഞെട്ടലില്‍ പാര്‍ട്ടി
ബതി കുമാരി താമര ചിഹ്നത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയിച്ചു
ബതി കുമാരി എന്ന 28കാരിയാണ് ബിജെപി, കോണ്‍ഗ്രസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്.
മുഖം മറച്ച് വ്യത്യസ്ത വേഷമണിഞ്ഞ് എത്തി ഒരേ പോസ്റ്റിലേക്ക് നല്‍കിയത് മൂന്ന് നാമനിര്‍ദ്ദേശക പത്രിക. നിര്‍ണായക സമയത്ത് മറ്റ് പത്രികകള്‍ പിന്‍വലിച്ചതോടെ ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് പ്രസിഡന്റായി. തങ്ങളുടെ സ്ഥാനാര്‍ത്ഥി വേഷം മാറിയെത്തി ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ ഞെട്ടലിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ്. രാജസ്ഥാനിലെ ദീഗ് ജില്ലയിലെ ബ്രിജ് നഗര്‍ പഞ്ചായത്ത് സമിതിയിലേക്കുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ബതി കുമാരി എന്ന 28കാരിയാണ് ബിജെപി, കോണ്‍ഗ്രസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വെറുമൊരു നടപടി ക്രമം മാത്രമാണെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് ബതി കുമാരി സ്വതന്ത്രയായും കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയായുമുള്ള പത്രിക പിന്‍വലിച്ചത്. ഇതോടെയാണ് ബതി കുമാരി താമര ചിഹ്നത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയിച്ചത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംഎല്‍എയ്ക്കൊപ്പം എത്തിയാണ് ബതി കുമാരി ആദ്യം പത്രിക നല്‍കിയത്. പിന്നാലെ ബിജെപി മന്ത്രിക്കൊപ്പം എത്തി ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക നല്കി. ഈ രണ്ട് പത്രിക സമര്പ്പണത്തിനിടയി ബതി കുമാരി സാരി മാറി സല്‍വാര്‍ കമ്മീസില്‍ എത്തിയെന്നത് മാത്രമായിരുന്നു. രണ്ട് തവണയും മുഖം മറച്ചായിരുന്നു പത്രിക സമര്‍പ്പണം. ഇതിന് പിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയത്. ബ്രിജ് നഗര്‍ പഞ്ചായത്ത് സമിതിയിലേക്ക് 14ാം വാര്‍ഡില്‍ നിന്നാണ് ബതി കുമാരി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ചത്. ബിജെപി വെറും നാല് സീറ്റ് നേടിയ ബ്രിജ് നഗര്‍ പഞ്ചായത്ത് സമിതിയില്‍ 16 സീറ്റാണ് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നത്. 9 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. 29 അംഗ പഞ്ചായത്ത് സമിതിയിലേക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ബതി കുമാരിയെയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബതി കുമാരിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്‍കൈ എടുത്ത മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വാജിബ് അലി പിസിസി അംഗത്വം രാജി വച്ചു.
പണവും സ്വാധീനവും ഉപയോഗിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയെ തട്ടിയെടുത്തെന്നാണ് വാജിബ് അലി ആരോപിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ അദ്ദേഹം, സംഘടനാ പദവികളില്ലാതെ ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കി.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നടപടികള്‍ ചട്ടങ്ങള്‍ പാലിച്ചാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരു സ്ഥാനാര്‍ത്ഥിക്ക് നാല് നാമനിര്‍ദ്ദേശ പത്രികകള്‍ വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി രാജേഷ് വര്‍മ്മയും, വരണാധികാരി നടപടിക്രമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ദീഗ് കളക്ടര്‍ മായങ്ക് മനീഷും അറിയിച്ചു