ബിസ്‌ലെരി കുപ്പിവെള്ളത്തിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ; നിയമനടപടിക്ക് അനുമതി നൽകി എഫ്എസ്എസ്എഐ

പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുമതി നൽകി. കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാമ്പിളിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചു.

 

ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അനുമതി നൽകി. കമ്പനിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാമ്പിളിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്ന് വെള്ളം സുരക്ഷിതമല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചു. തുടർപരിശോധനയിൽ അർബുദത്തിന് കാരണമാകാമെന്ന് കരുതുന്ന പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (PAHs) എന്ന രാസവസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആദ്യ പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് നിശ്ചിത പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയതോടെ, ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടുത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബൺസ് (PAHs) സ്ഥിരീകരിക്കുകയും ചെയ്തു.

രണ്ട് രാസവസ്തുക്കളും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളവയായാണ് കണക്കാക്കുന്നത്. ലബോറട്ടറി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിസ്‌ലെരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാൻ എഫ്എസ്എസ്എഐ അനുമതി നൽകി. അതേസമയം, 2025 സെപ്റ്റംബറിൽ ഗോവ പ്ലാന്റിൽ നിന്ന് ശേഖരിച്ച പഴയ ബാച്ചുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും, സ്വതന്ത്ര ലബോറട്ടറി പരിശോധനയിൽ വെള്ളം സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ബിസ്‌ലെരിയുടെ വിശദീകരണം.

അതേസമയം, മറ്റൊരു നടപടിയിൽ ആശാ കോൺഫെക്ഷനറിയുടെ ചോക്ലേറ്റ് നിറച്ച കുക്കീസിന്റെ സാമ്പിളും പരിശോധനയിൽ സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ കണ്ടെത്തി. ഉൽപ്പന്നത്തിന്റെ ലേബലിൽ രേഖപ്പെടുത്താത്ത കാർമോസിൻ എന്ന നിറം നൽകുന്ന പദാർഥം കണ്ടെത്തിയതിനൊപ്പം, ടാർട്രാസൈൻ അനുവദനീയമായ അളവിലും കൂടുതലായി കണ്ടെത്തി. കൂടാതെ, ഈ വിഭാഗത്തിൽ അനുവദനീയമല്ലാത്ത സൺസെറ്റ് യെല്ലോ എഫ്‌സിഎഫും സാമ്പിളിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് കുക്കീസിന്റെ ബാധിക്കപ്പെട്ട മുഴുവൻ ബാച്ചും വിപണിയിൽ നിന്ന് ഉടൻ പിൻവലിക്കാൻ അധികൃതർ നിർദേശിച്ചു.