ബോംബെ ഐഐടിയിൽ വിദ്യാർഥിനിയുടെ കുളിമുറിദൃശ്യങ്ങൾ പകർത്തി ; കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

 

മുംബൈ: കുളിമുറിദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ചണ്ഡീഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി. ബോംബെ)യിലും സമാനസംഭവം. ഞായറാഴ്ച രാത്രി ഹോസ്റ്റലിലെ കുളിമുറിയില്‍ ഐ.ഐ.ടി.യിലെ കാന്റീന്‍ ജീവനക്കാരന്‍ രഹസ്യമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇയാളെ ചൊവ്വാഴ്ച അറസ്റ്റുചെയ്തു.

ഫോണില്‍നിന്ന് ദൃശ്യങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കാന്റീന്‍ തൊഴിലാളിയുടെ കേസെടുത്തതെന്ന് പവായ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബുഥന്‍ സാവന്ത് പറഞ്ഞു.

പരാതിയില്‍ അടിയന്തരനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബോംബെ ഐ.ഐ.ടി. ഡീന്‍ പ്രൊഫസര്‍ തപനേന്ദു കുണ്ടു പറഞ്ഞു. പുറത്തുനിന്ന് കുളിമുറിയിലേക്കുള്ള പ്രവേശനം അടച്ചിട്ടുണ്ട്. ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷയുറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണ്.

ഹോസ്റ്റല്‍ നമ്പര്‍ 10-ല്‍ പരിശോധന നടത്തിയശേഷം സി.സി.ടി.വി. ക്യാമറകളും ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ ലൈറ്റുകളും സ്ഥാപിച്ചു. കാന്റീനില്‍ വനിതാജീവനക്കാരെ മാത്രം നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതിയെത്തുടര്‍ന്ന് കാന്റീന്‍ അടച്ചിരിക്കുകയാണ്.