'ഇന്ത്യ മുന്നണിയെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ശേഷമുള്ള ഐക്യ ആഹ്വാനം'; മമതയെ പരിഹസിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും

ഓരോ അവസരത്തിലും ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു.

 

ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പോരാടാന്‍ അവര്‍ ആത്മാര്‍ത്ഥ കാണിച്ചില്ല.

 പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരിഹസിച്ച് സിപിഐഎമ്മും കോണ്‍ഗ്രസും. ഇന്ത്യ മുന്നണിയുടെ ഇടം അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചതിന് ശേഷമാണ് മമത ഐക്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഇരു പാര്‍ട്ടികളുടെ നേതാക്കള്‍ ആരോപിച്ചു.

2016-17 കാലഘട്ടത്തില്‍ സുവേന്ദു അധികാരിയെ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും ഇല്ലാതാക്കാന്‍ അയക്കുന്നതിന് മുമ്പ് മമത ഇക്കാര്യങ്ങള്‍ ഓര്‍ക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സൗമ്യ ഐച്ച് റോയ് പറഞ്ഞു.

'നിര്‍ബന്ധത്തിന് വഴങ്ങി മാത്രമേ പൂച്ച മരത്തില്‍ കയറാറുള്ളു എന്നൊരു പഴഞ്ചൊല്ലുണ്ട്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ പോരാടാന്‍ അവര്‍ ആത്മാര്‍ത്ഥ കാണിച്ചില്ല. ഓരോ അവസരത്തിലും ഇന്ത്യ മുന്നണിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു. ബംഗാളില്‍ അവര്‍ ബിജെപിയെ ശക്തപ്പെടുത്തി. ഇപ്പോള്‍ സ്വന്തം കൊട്ടാരം നിലംപരിശായപ്പോള്‍ അവര്‍ പെട്ടെന്ന് നമ്മളെ ഓര്‍ത്തു. മാഡം, ഞങ്ങള്‍ അവസരവാദികളല്ല', സൗമ്യ പറഞ്ഞു. മമതയ്ക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ എന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി ചോദിച്ചത്.
ബംഗാള്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് മമത ബാനര്‍ജി പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഒന്നിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ദേശീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമത ആവശ്യപ്പെടുകയായിരുന്നു.