ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയ സ്പീക്കറുടെ ഉത്തരവ് റദ്ദാക്കി; വിമത തൃണമൂലിന് തിരിച്ചടിയായി കൊൽക്കത്ത ഹൈക്കോടതി
പശ്ചിമ ബംഗാളിലെ വിമത തൃണമൂൽ കോൺഗ്രസ് വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി കൊൽക്കത്ത ഹൈക്കോടതി. വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കൃഷ്ണ റാവു വ്യക്തമാക്കി.
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വിമത തൃണമൂൽ കോൺഗ്രസ് വിഭാഗത്തിന് കനത്ത തിരിച്ചടി നൽകി കൊൽക്കത്ത ഹൈക്കോടതി. വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിച്ചുകൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കൃഷ്ണ റാവു വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസിലെ മമത ബാനർജി വിഭാഗത്തിന്റെ വാദങ്ങൾ കൂടി കേട്ട ശേഷം, പ്രതിപക്ഷ നേതൃപദവിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കോടതി സ്പീക്കർ രതീന്ദ്ര ബോസിന് നിർദേശം നൽകി. പാർട്ടിയിലെ തർക്കങ്ങളെത്തുടർന്ന് മമത ബാനർജി നിർദേശിച്ച മുതിർന്ന നേതാവ് ശോഭൻദേബ് ചതോപാധ്യായയെ മറികടന്നാണ് വിമത വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അഖ്രൂസമാനെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്.
മമത വിഭാഗത്തിലെ ശോഭൻദേബ് ചതോപാധ്യായ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ശോഭൻദേബിന്റെ ഹർജിയിൽ അനുകൂല വിധി ഉണ്ടാകാത്തതിനെ തുടർന്ന് അദ്ദേഹം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. കേസിൽ അന്തിമ വിധി വരുന്നത് വരെ ഋതബ്രത ബാനർജിക്ക് താൽക്കാലിക പ്രതിപക്ഷ നേതാവായി തുടരാമെന്നും, വിഷയം രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും അന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിനോട് നിർദേശിച്ചിരുന്നു.