കർണാടകയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; പത്ത് പേർ പൊള്ളലേറ്റ് മരിച്ചു

ക‌ർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.

 

ബെംഗളൂരു: ക‌ർണാടകയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. കർണാടകയിലെ ചിത്രദുർ​ഗ ജില്ലയിലെ ​ഗോ‍ർലത്തിലായിരുന്നു സംഭവം. ദേശീയപാത 48ലാണ് അപകടമുണ്ടായത്. ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർ​ഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശിവമോ​ഗയിൽ നിന്നും ബെം​ഗളൂരുവിലേയ്ക്ക് പോയ സീ ബേർഡ് എന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.