'ബുള്‍ഡോസര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡ്'; സംസ്ഥാനത്ത് ബുള്‍ഡോസര്‍ നിര്‍മാണം ആരംഭിക്കാന്‍ കമ്പനികളോട് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബുള്‍ഡോസര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡായി മാറിയെന്നും, സംസ്ഥാനത്ത് തന്നെ ഇവ നിര്‍മിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി (YEIDA) മേഖലയിലെ ജേവാറില്‍ പുതിയ ട്രാക്ടര്‍ നിര്‍മാണശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ബുള്‍ഡോസര്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിന്റെ ബ്രാന്‍ഡായി മാറിയെന്നും, സംസ്ഥാനത്ത് തന്നെ ഇവ നിര്‍മിക്കാന്‍ കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ആവശ്യക്കാര്‍ സ്വാഭാവികമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റി (YEIDA) മേഖലയിലെ ജേവാറില്‍ പുതിയ ട്രാക്ടര്‍ നിര്‍മാണശാലയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും ബുള്‍ഡോസര്‍ നടപടികളും ഉത്തര്‍പ്രദേശിനെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്ന് യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. മാഫിയാ ഭരണത്തിന് പകരം സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പാക്കാന്‍ പൊലീസിന്റെ ആധുനികവല്‍ക്കരണവും പുതിയ നിയമനങ്ങളും നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
1,200 കോടിയിലേറെ രൂപ നിക്ഷേപത്തില്‍ 'സിഎന്‍എച്ച് ഇന്‍ഡസ്ട്രിയല്‍' (CNH Industrial) ആണ് ഗൗതം ബുദ്ധ് നഗറില്‍ പുതിയ ട്രാക്ടര്‍ നിര്‍മാണശാല സ്ഥാപിക്കുന്നത്. ട്രാക്ടറുകള്‍ക്കൊപ്പം ബുള്‍ഡോസറുകളുടെ നിര്‍മാണവും ഉത്തര്‍പ്രദേശില്‍ തന്നെ ആരംഭിക്കാന്‍ സിഎന്‍എച്ച് അടക്കമുള്ള കമ്പനികള്‍ തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. 100 ഏക്കറില്‍ ഒരുങ്ങുന്ന ഈ പ്ലാന്റ് കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും ആധുനിക നിര്‍മാണ മേഖലയ്ക്കും കൂടുതല്‍ കരുത്തേകുമെന്നും, നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും യോഗി പറഞ്ഞു. രാജ്യത്തെ ട്രാക്ടര്‍ വിപണിയില്‍ ഉത്തര്‍പ്രദേശിന്റെ വിഹിതം 18.5 ശതമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുകാലത്ത് പിന്നാക്ക സംസ്ഥാനങ്ങളുടെ പട്ടികയിലായിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറിയെന്നും ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാനുള്ള ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനവും മറ്റ് വ്യവസായ പദ്ധതികളും ചേര്‍ന്ന് മേഖലയെ പ്രധാന വ്യവസായ, സാമ്പത്തിക, ലോജിസ്റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.