കുറ്റാരോപിതന്റെയോ, കുറ്റവാളിയുടെയോ വീടാണെന്ന ഒറ്റക്കാരണത്താൽ ഒരു വീട് എങ്ങനെ പൊളിച്ചുമാറ്റാൻ സാധിക്കും : ‘ബുൾഡോസർ നടപടി’യെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കുറ്റാരോപിതന്റെയോ, കുറ്റവാളിയുടെയോ വീടാണെന്ന ഒറ്റക്കാരണത്താൽ ഒരു വീട് എങ്ങനെ പൊളിച്ചുമാറ്റാൻ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.
 

ന്യൂഡൽഹി: കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കുറ്റാരോപിതന്റെയോ, കുറ്റവാളിയുടെയോ വീടാണെന്ന ഒറ്റക്കാരണത്താൽ ഒരു വീട് എങ്ങനെ പൊളിച്ചുമാറ്റാൻ സാധിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന് പാലിക്കേണ്ട മാർഗ നിർദേശങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റിസ് ബി.ആർ.ഗവായി, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ബുൾഡോസർ നീതി സംബന്ധിച്ച ഹർജി പരിഗണിച്ചത്. ഹർജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി. ഒരാൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടുമാത്രം, അയാളുടെ വസ്തുവകകൾ പൊളിച്ചുനീക്കാൻ കഴിയില്ലെന്ന് രണ്ടംഗ ബെഞ്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

അനധികൃത കെട്ടിട നിർമാണങ്ങൾ മാത്രമാണ് ഇത്തരത്തിൽ പൊളിച്ചുനീക്കേണ്ടത്. എന്നാൽ കോടതിക്കു മുന്നിൽ വിഷയം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യം താങ്കൾ അംഗീകരിക്കുന്നുണ്ടെങ്കിൽ വിഷയത്തിൽ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കാത്തതെന്നും ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു.

‘‘ആദ്യം നോട്ടീസ് നൽകുക, മറുപടി നൽകാൻ സമയം നൽകുക, നിയമപരമായ പരിഹാരങ്ങൾ തേടാൻ സമയം നൽകുക, എന്നിട്ട് പൊളിച്ചുമാറ്റുക’’– അദ്ദേഹം പറഞ്ഞു. അനധികൃത നിർമാണത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് പറഞ്ഞ ബെഞ്ച് പൊതുവഴികളെ തടസ്സപ്പെടുത്തുന്ന ക്ഷേത്രമുൾപ്പെടെയുള്ള അനധികൃത നിർമാണത്തെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.

ഡൽഹിയിലെ ജഹാംഗിർപുരിയിൽ ബുൾഡോസർ ഉപയോഗിച്ച് വീടുതകർത്ത കാര്യം ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. രാജസ്ഥാൻ ഉദയ്പുരിലെ സംഭവവും പരാമർശിച്ചു. കോടതി സെപ്റ്റംബർ 17ന് വീണ്ടും ഹർജി പരിഗണിക്കും. സമീപകാലത്തായി ബുൾഡോസർ നീതി രാജ്യത്തിന്റെ പലഭാഗത്തുമായി നടപ്പിലാക്കുന്നുണ്ട്. ഇതിനെതിരെ രാഷ്ട്രീയ നേതാക്കളുൾപ്പെടെ നിരവധി പേർ വിമർശനവുമായെത്തിയിരുന്നു. കുറ്റക്കാരനാണെന്ന് തെളിയും മുൻപ് ബുൾഡോസർ നീതി എങ്ങനെ നടപ്പാക്കാൻ സാധിക്കുമെന്നായിരുന്നു പലരും ഉന്നയിച്ച ചോദ്യം.