16 കോടി മുടക്കി പണിതു, ഉദ്ഘാടനം കഴിഞ്ഞ് 16 -ാം ദിവസം റോഡ് തകര്‍ന്നു
ഏതാനും ദിവസങ്ങള്‍ക്കകം തന്നെ റോഡില്‍ വലിയ കുഴി രൂപപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി.
കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെ തുടര്‍ന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെടുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞു. ഏകദേശം 16 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച നന്ദ കി ചൗക്കി പാലം ഉദ്ഘാടനം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ റോഡില്‍ വലിയ കുഴി രൂപപ്പെട്ടത് വലിയ പ്രതിഷേധത്തിന് കാരണമായി.
റോഡ് തകര്‍ന്നതിന്റെ വീഡിയോ ദൃശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. പിന്നാലെ റോഡ് നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയെ തുടര്‍ന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ ഡെറാഡൂണ്‍ പാവോണ്ട സാഹിബ് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയാണ്. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.