ശമ്പളം 56,100 രൂപ, ആനുകൂല്യങ്ങൾ; നേവിയിൽ 10+2 (ബിടെക്) കെഡേറ്റ് എൻട്രി

പ്ലസ് ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നേവിയിൽ ബിടെക് പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരംനിയമനം ലഭിക്കാനും ഇന്ത്യൻ നേവി അവസരമൊരുക്കുന്നു. 2026 ജൂലായിൽ ആരംഭിക്കുന്ന 10+2 (ബിടെക്) കെഡേറ്റ് എൻട്രി പദ്ധതി (സ്ഥിരം കമ്മിഷൻ) കോഴ്സ്‌വഴി വിദ്യാർഥികൾക്ക് നേവിയുടെ ഭാഗമാകാം. ജവഹർലാൽ നെഹ്റു സർവകലാശാല   ബിടെക് ബിരുദം നൽകും. പഠനവും പരിശീലനവും സൗജന്യം.

 

പ്ലസ് ടു, സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നേവിയിൽ ബിടെക് പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരംനിയമനം ലഭിക്കാനും ഇന്ത്യൻ നേവി അവസരമൊരുക്കുന്നു. 2026 ജൂലായിൽ ആരംഭിക്കുന്ന 10+2 (ബിടെക്) കെഡേറ്റ് എൻട്രി പദ്ധതി (സ്ഥിരം കമ്മിഷൻ) കോഴ്സ്‌വഴി വിദ്യാർഥികൾക്ക് നേവിയുടെ ഭാഗമാകാം. ജവഹർലാൽ നെഹ്റു സർവകലാശാല   ബിടെക് ബിരുദം നൽകും. പഠനവും പരിശീലനവും സൗജന്യം.


ഒഴിവുകൾ

എക്സിക്യുട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 44 ഒഴിവുണ്ട്‌. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ്‌ ഇലക്ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള അലോക്കേഷൻ നേവി തീരുമാനിക്കും

അവിവാഹിതരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. പരമാവധി ഏഴ് ഒഴിവുകൾ പെൺകുട്ടികൾക്കാണ്.

യോഗ്യത

2007 ജനുവരി രണ്ടിനും 2009 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസവും ഉൾപ്പെടെ) ജനിച്ചതായിരിക്കണം. അംഗീകൃത ബോർഡിൽനിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയത്തിനുംകൂടി 70 ശതമാനം മാർക്ക്‌ മൊത്തത്തിൽ വാങ്ങി ജയിച്ചിരിക്കണം. ക്ലാസ് 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം.

2025-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക് പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം.

മെഡിക്കൽ സ്റ്റാൻഡേഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭിക്കും.

തിരഞ്ഞെടുപ്പ്

ജെഇഇ മെയിൻ പേപ്പർ 1 കോമൺ റാങ്ക് ലിസ്റ്റിലെ അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ സർവീസ് സെലക്‌ഷൻ ബോർഡ് (എസ്എസ്ബി) ഇൻറർവ്യൂവിന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.

എസ്എസ്ബി ഇന്റർവ്യൂ 2026 മാർച്ച് മുതൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലായി പ്രതീക്ഷിക്കാം.

സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കാനുള്ള അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്എസ്ബിയിൽ വിലയിരുത്തപ്പെടും. അവയിൽ, ആസൂത്രണ-സംഘാടക മികവ്, സാമൂഹിക പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്, ചലനാത്മകത, സാമൂഹികഫലപ്രാപ്തി തുടങ്ങിയവ ഉൾപ്പെടും.

ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തിൽ.

സൈക്കോളജിക്കൽ ടെസ്റ്റിങ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസം മുതൽ അഞ്ചുദിവസം വരെ നീണ്ടുനിൽക്കാവുന്ന മെഡിക്കൽ പരിശോധനയുമുണ്ടാകും.

പരിശീലനം/പഠനം

തിരഞ്ഞെടുക്കപ്പെടുന്നവരെ കെഡേറ്റുകളായി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോൾ ചെയ്യും.

പരിശീലനച്ചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയൽ എന്നിവ ഉൾപ്പെടെ) പൂർണമായും ഇന്ത്യൻനേവി വഹിക്കും. ക്ലോത്തിങ്, മെസിങ് എന്നിവയും കെഡേറ്റുകൾക്ക് ലഭിക്കും.

ആദ്യനിയമനം

സബ് ലഫ്റ്റനൻറ് റാങ്കിൽ ആദ്യനിയമനം ലഭിക്കും. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളുമുണ്ട്. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കുനീങ്ങാം.

അപേക്ഷ

അപേക്ഷ ഓൺലൈനായി ജനുവരി 19 വരെ www.joinindiannavy.gov.in വഴി നൽകാം.