ഭര്‍ത്താവ് ഓസ്‌ട്രേലിയയിലെന്ന് കള്ളം പറഞ്ഞു, സഹോദരന്റെ സംശയം വഴിത്തിരിവായി ; കൊലപാതക കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍ 

ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നല്‍കി കൊന്ന് ഫാക്ടറിക്കുളളില്‍ കുഴിച്ചുമൂടി.

 

പിടിവീഴുമെന്ന് ഉറപ്പായതോടെ ഭാര്യ പ്രത്വിയും കാമുകന്‍ നീലേഷും എല്ലാം തുറന്നു പറഞ്ഞു.

ഗുജറാത്തില്‍ ജാംനഗര്‍ സ്വദേശിയെ ഭാര്യയുടെ കാമുകനും സുഹൃത്തും സയനൈഡ് നല്‍കി കൊന്ന് ഫാക്ടറിക്കുളളില്‍ കുഴിച്ചുമൂടി. സഹോദരന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് രണ്ട് വര്‍ഷത്തിനു ശേഷം മൃതദേഹം കണ്ടെടുത്തു. ജാംനഗറുകാരന്‍ ജിഗ്‌നേഷ് മവാഡിയയെ അവസാനമായി ബന്ധുക്കള്‍ കണ്ടത് രണ്ടു വര്‍ഷം മുന്‍പ്. ജിഗ്‌നേഷ് ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നുവെന്നായിരുന്നു വിവരം. ജോലി ചെയ്യുന്നിടത്ത് ഫോണ്‍ ലഭ്യമല്ലെന്നും ആരോടും സംസാരിക്കാന്‍ താത്പര്യമില്ലെന്നും ഭാര്യ പ്രത്വി എല്ലാവരോടും പറഞ്ഞു. ജിഗ്‌നേഷിന്റെ ബന്ധു ഓസ്‌ട്രേലിയയിലേക്ക് പോകുന്നുവെന്നും അഡ്രസ് വേണമെന്ന് പറഞ്ഞപ്പോഴും ഭാര്യ ഒഴിഞ്ഞുമാറി. ഇതോടെ കുടുംബത്തിന്റ സംശയം കൂടി. ജിഗ്‌നേഷിന്റെ സഹോദരന്‍ അശോക് മവാഡിയ പൊലീസില്‍ പരാതി നല്‍കി. പിടിവീഴുമെന്ന് ഉറപ്പായതോടെ ഭാര്യ പ്രത്വിയും കാമുകന്‍ നീലേഷും എല്ലാം തുറന്നു പറഞ്ഞു.

നിലേഷും പ്രത്വിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ഏഴു വര്‍ഷം മുന്‍പ് ജിഗ്‌നേഷ് പ്രത്വിയെ വിവാഹം ചെയ്തു. കാമുകനൊന്നിച്ച് ജീവിക്കാന്‍ പ്രത്വി ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചു. ദരേദിലെ വ്യവസായ മേഖലയില്‍ മദ്യപിക്കാനെന്ന വ്യാജേന നീലേഷും സുഹൃത്ത് ബല്‍റാമും ജിഗ്‌നേഷിനെ ക്ഷണിച്ചു. മദ്യത്തില്‍ സയനൈഡ് കലക്കി. മരിച്ചെന്നുറപ്പാക്കി. പിന്നാലെ പാട്ടത്തിനെടുത്ത ഫാക്ടറികകത്ത് 12 താഴ്ച്ചയുളള കുഴിയില്‍ സംസ്‌കരിച്ചു. മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത ശേഷം മടങ്ങി. പൊലീസ് പരിശോധനയില്‍ കുഴിക്കകത്ത് നിന്നും തലയോട്ടിയടക്കം മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു. മൂവരേയും അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതായി ജാംനഗര്‍ പൊലീസ് അറിയിച്ചു.