ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപി-ശിവസേന സഖ്യത്തിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍

 

ആറ് എക്സിറ്റ് പോളുകളുടെ ശരാശരി പരിശോധിക്കുമ്പോള്‍ ബിജെപി-സേന സഖ്യത്തിന് 132 വാര്‍ഡുകള്‍ ലഭിക്കുമെന്നാണ് കണക്ക്. 

 

താക്കറെ സഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വര്‍ഷത്തിനു ശേഷം ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി വീണ്ടും ഒന്നിച്ചിരുന്നു

ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍(ബിഎംസി) ബിജെപി-ശിവസേന സഖ്യത്തിന് വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സഖ്യം 130-ലധികം വാര്‍ഡുകള്‍ നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ബിജെപി-ശിവസേന സഖ്യം 131 മുതല്‍ 151 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജെവിസി സഖ്യത്തിന് 138 വാര്‍ഡുകള്‍ ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

താക്കറെ സഹോദരന്മാരായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും 20 വര്‍ഷത്തിനു ശേഷം ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി വീണ്ടും ഒന്നിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ആക്സിസ് മൈ ഇന്ത്യ പോള്‍ ശിവസേന (യുബിടി)-എംഎന്‍എസ് സഖ്യത്തിന് 58-68 സീറ്റുകളാണ് പ്രവചിക്കുന്നത്. സഖ്യത്തിന് 59 വാര്‍ഡുകള്‍ ലഭിക്കുമെന്ന് ജെവിസി എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ അഗാഡി (വിബിഎ)യുമായി അവസാന നിമിഷം സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് 12-16 സീറ്റുകള്‍ നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.

മറ്റ് സര്‍വേകളും ബിജെപി-ശിവസേന സഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നത്. മഹായുതിക്ക് ജെഡിഎസ് സര്‍വെ 127-154 വാര്‍ഡുകളാണ് പ്രവചിച്ചിരിക്കുന്നത്. ജന്‍മത് പോള്‍സ് 138 സീറ്റുകള്‍ പ്രവചിച്ചു. മറ്റൊരു സര്‍വേയായ ഡിവി റിസര്‍ച്ച് ബിജെപി-സേനയ്ക്ക് 107-122 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

ആറ് എക്സിറ്റ് പോളുകളുടെ ശരാശരി പരിശോധിക്കുമ്പോള്‍ ബിജെപി-സേന സഖ്യത്തിന് 132 വാര്‍ഡുകള്‍ ലഭിക്കുമെന്നാണ് കണക്ക്.