കൊടും കുറ്റവാളിക്ക് വധു കംബോഡിയയില്‍ നിന്ന് ; 12 മണിക്കൂര്‍ പരോള്‍ ; മൂന്നുമക്കളെ സാക്ഷി നിര്‍ത്തി മാംഗല്യം
കൊലപാതകം ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയായിരുന്ന ധില്ല 2018 ലാണ് പരോളിലിറങ്ങി മുങ്ങിയത്.
മൂന്നു കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടു ഹിസാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധില്ല കനത്ത പൊലീസ് കാവലിലാണ് കല്യാണ മണ്ഡപത്തിലെത്തിയത്.
പരോളില്‍ ഇറങ്ങി മുങ്ങിയ കാലത്ത് കംബോഡിയയില്‍ വച്ച് പരിചയപ്പെട്ട കാമുകിയെ വിവാഹം കഴിക്കാന്‍ ഹരിയാനയിലെ കൊടും കുറ്റവാളി മെയ്ന്‍പാല്‍ ധില്ലയ്ക്ക് (45) പഞ്ചാബ് -ഹരിയാന ഹൈക്കോടതി 12 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. ജജ്ജര്‍-ഗുരുഗ്രാം റോഡിലെ ഫാം ഹൗസിലായിരുന്നു വിവാഹം. മൂന്നു കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടു ഹിസാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ധില്ല കനത്ത പൊലീസ് കാവലിലാണ് കല്യാണ മണ്ഡപത്തിലെത്തിയത്.
കൊലപാതകം ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയായിരുന്ന ധില്ല 2018 ലാണ് പരോളിലിറങ്ങി മുങ്ങിയത്. പിന്നീട് വ്യാജ രേഖകള്‍ ഉണ്ടാക്കി കംബോഡിയയിലേക്ക് കടന്നു. അവിടെ വച്ചാണ് മെറ്റ ചാന്‍ എന്ന കംബോഡിയന്‍ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് അവിടെ ലിവിങ് ടുഗെദര്‍ ജീവിതം നയിച്ച ഇവര്‍ക്ക് മൂന്നു കുട്ടികളുമുണ്ട്. മക്കളും ഇന്നലെ വിവാഹത്തിനെത്തിയിരുന്നു. ചടങ്ങില്‍ അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു.
കംബോഡിയയിലേക്ക് കടന്ന ധില്ല സിയം ഫീപ് എന്ന സ്ഥലത്തു നൈറ്റ് ക്ലബ് നടത്തുകയായിരുന്നു. അവിടെ പൗരത്വം നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് സിബിഐ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് നാടുകടത്തിയത്. 2019 ല്‍ ധില്ലയെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്കു ഹരിയാന പൊലീസ്് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസുമിറക്കി.