വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുന്‍പ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി നവവധു ; നേരിട്ടത് ക്രൂര പീഡനം 

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും വാങ്ങി വരാന്‍ ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

 

വീട്ടില്‍ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ ഭര്‍ത്താവ് നിതിന്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു

വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസം തികയുന്നതിന് മുന്‍പ് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി നവവധു. മുംബൈയ്ക്ക് സമീപമുള്ള അമ്പര്‍നാഥിലാണ് സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവില്‍ നിന്നുമുള്ള കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ സഹിക്കാനാവാതെ 26-കാരിയായ വിശാഖ തില്‍ക്കര്‍ ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് വിശാഖയുടെ ഭര്‍ത്താവും ഡോക്ടറുമായ നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വെറും 48 ദിവസം മാത്രമുള്ളപ്പോഴാണ് ദാരുണമായ മരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു വിശാഖയുടെയും ഡോക്ടര്‍ നിതിന്‍ തില്‍ക്കറിന്റെയും വിവാഹം. വിവാഹത്തിന് മുന്‍പ് എല്ലാം സാധാരണ നിലയിലായിരുന്നെങ്കിലും, വിവാഹം കഴിഞ്ഞയുടന്‍ വിശാഖയുടെ ജീവിതം നരകതുല്യമായി മാറിയെന്ന് കുടുംബം ആരോപിക്കുന്നു.

വീട്ടില്‍ നിന്ന് കൂടുതല്‍ പണവും സ്വര്‍ണ്ണവും വാങ്ങി വരാന്‍ ആവശ്യപ്പെട്ട് വിശാഖയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ശാരീരിക ഉപദ്രവങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല വിശാഖ നേരിട്ട പീഡനങ്ങള്‍. വിശാഖയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നതിനായി ഭര്‍ത്താവ് നിതിന്‍ വീടിനകത്തും പുറത്തുമായി നിരവധി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതോടെ വിശാഖയുടെ സ്വകാര്യത പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി.

വീട്ടില്‍ വെച്ച് വിശാഖ ആരോടൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു എന്ന് ഈ ക്യാമറകളിലൂടെ ഭര്‍ത്താവ് നിതിന്‍ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങി ആരോടെങ്കിലും സംസാരിച്ചാല്‍ പോലും വിശാഖയെ കാത്തിരുന്നത് ക്രൂരമായ മര്‍ദ്ദനമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് രണ്ട് ദിവസം മുന്‍പും അയല്‍പക്കത്തെ ഒരു സ്ത്രീയോട് സംസാരിച്ചതിന്റെ പേരില്‍ വിശാഖയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. താന്‍ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് വിശാഖ സ്വന്തം അമ്മയെ ഫോണില്‍ വിളിച്ച് കരഞ്ഞു പറഞ്ഞിരുന്നു. മകളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ മാതാപിതാക്കള്‍ അവളെ ഭര്‍തൃവീട്ടില്‍ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് വിശാഖ തൂങ്ങിമരിച്ചെന്ന വാര്‍ത്ത അറിയുന്നത്.

മാനസികവും ശാരീരികവുമായ പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് നിതിന്‍ തില്‍ക്കര്‍, ഇയാളുടെ അമ്മ ഛായ, സഹോദരന്‍ നിനാദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ഇതില്‍ നിതിന്‍ തില്‍ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ അമ്മയ്ക്കും സഹോദരനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.