ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ 11 ന് സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി

 

 ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 11-ാം തീയതി ഡൽഹിയിലെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ഔദ്യോഗിക സർക്കുലർ വ്യക്തമാക്കി. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് അംഗീകൃത സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. കൂടാതെ, ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും അന്നേദിവസം പ്രവർത്തിക്കില്ലെന്ന് ഡൽഹി എൻ‌സി‌ടി സർക്കാരിന്റെ പൊതുഭരണ വകുപ്പ് ഉത്തരവിൽ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 12, 13 തീയതികളിലായാണ് ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി ഔദ്യോഗികമായി നടക്കുന്നത്. ഉച്ചകോടിയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെയും സജ്ജീകരണങ്ങളുടെയും ഭാഗമായാണ് മുൻകരുതൽ നടപടിയായി സെപ്റ്റംബർ 11-ന് ഡൽഹിയിലെ വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനായി നവീകരണം, അറിവ് പങ്കിടൽ, മെന്റർഷിപ്പ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, കൃത്രിമബുദ്ധി എന്നിവയിലാണ് ഇന്ത്യയുടെ 2026 ലെ ബ്രിക്‌സ് ചെയർഷിപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.