ബി.ജെ.പി സർക്കാറിന്റെ ബജറ്റ് 'ആൺകുട്ടിയുടെ ജനനം' പോലെ, മുൻ കോൺഗ്രസ് സർക്കാറിന്റെ ബജറ്റ് 'പെൺകുട്ടിയുടെ ജനനം' പോലെയും ; വിവാദ പരാമർശവുമായി  ബി.ജെ.പി എം.എൽ.എ

സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചർച്ചക്കിടെ വിവാദ പരാമർശവുമായി രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബഹാദൂർ സിങ് കോലി. ബി.ജെ.പി സർക്കാറിന്റെ ബജറ്റിനെ 'ആൺകുട്ടിയുടെ ജനനം' എന്നും മുൻ കോൺഗ്രസ് സർക്കാറിന്റെ ബജറ്റിനെ 'പെൺകുട്ടിയുടെ ജനനം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

 

 ജയ്പൂർ: സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള ചർച്ചക്കിടെ വിവാദ പരാമർശവുമായി രാജസ്ഥാൻ ബി.ജെ.പി എം.എൽ.എ ബഹാദൂർ സിങ് കോലി. ബി.ജെ.പി സർക്കാറിന്റെ ബജറ്റിനെ 'ആൺകുട്ടിയുടെ ജനനം' എന്നും മുൻ കോൺഗ്രസ് സർക്കാറിന്റെ ബജറ്റിനെ 'പെൺകുട്ടിയുടെ ജനനം' എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത എം.എൽ.എ ബി.ജെ.പി സർക്കാർ യുവജന ബജറ്റ് അവതരിപ്പിച്ചുവെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർദ്ധക്യകാല ബജറ്റ് അവതരിപ്പിച്ചുവെന്നും പറഞ്ഞു.

'ഞങ്ങളുടെ ആദ്യ ബജറ്റ് വന്നപ്പോൾ, രാജസ്ഥാൻ മുഴുവൻ അതിനെ അഭിനന്ദിച്ചു. രണ്ടാമത്തെ ബജറ്റ് വന്നു, അതിനെയും സ്വാഗതം ചെയ്തു. മൂന്നാമത്തെ ബജറ്റിനെയും സ്വാഗതം ചെയ്തു. ഞങ്ങളുടെ ഭജൻ ലാൽ ശർമയും ഞങ്ങളുടെ സർക്കാറും ആദ്യ ബജറ്റിൽ ഒരു ആൺകുട്ടിയെ പ്രസവിച്ചു, രണ്ടാമത്തെ ബജറ്റിലും ആൺകുട്ടിയെ പ്രസവിച്ചു, മൂന്നാമത്തെ ബജറ്റിലും ആൺകുട്ടിയെ പ്രസവിച്ചു. ഒരു മകന് ജന്മം നൽകുന്നത് എപ്പോഴും ഉപകാരപ്രദമാണ്' -ബഹാദൂർ സിങ് പറഞ്ഞു.

അശോക് ഗെലോട്ട് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച ബജറ്റ് പെൺകുട്ടി ജനിച്ചത് പോലെയായിരുന്നു എന്നും, അതുകൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ നിരവധി ബി.ജെ.പി എം.എൽ.എമാർ ചിരിക്കുന്നത് കാണാം. സ്പീക്കർ പോലും ബഹാദൂർ സിങ്ങിൻറെ വാക്കുകളോട് എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ കോൺഗ്രസ് എം.എൽ.എമാർ പ്രതിഷേധിച്ചു.

എം.എൽ.എയുടെ പ്രസ്താവന വിവേചനപരവും അനുചിതവുമാണെന്ന് പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി പറഞ്ഞു. 'നിങ്ങളുടെ എം.എൽ.എ സംസാരിക്കുമ്പോൾ, പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ വിവേചനം കാണിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തി. നിങ്ങളുടെ എം.എൽ.എമാർ ചിരിക്കുകയായിരുന്നു. ഇന്നും അത്തരം ചിന്ത നിലനിൽക്കുന്നതിൽ എനിക്ക് ലജ്ജ തോന്നുന്നു' -ടിക്കറാം പറഞ്ഞു. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്നും പെൺമക്കളെക്കുറിച്ചുള്ള അത്തരം വീക്ഷണങ്ങൾ സ്വീകാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകക്ഷി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബജറ്റ് ചർച്ചയിൽ ലിംഗാധിഷ്ഠിത സാമ്യങ്ങൾക്ക് സ്ഥാനമില്ലെന്നും പറഞ്ഞു. എന്നാൽ തന്റെ പരാമർശങ്ങളെ ബഹാദൂർ സിങ് ന്യായീകരിച്ചു. പരാമർശത്തിൽ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞ എം.എൽ.എ അത് ആവർത്തിക്കുകയും ചെയ്തു.