20 രൂപയുടെ കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കി ; ഛണ്ഡിഗഢിൽ റസ്റ്ററന്റിന് പിഴശിക്ഷ
ന്യൂഡൽഹി: 20 രൂപയുടെ കുപ്പിവെള്ളത്തിന് 55 രൂപ ഈടാക്കിയ ഛണ്ഡിഗഢ് റസ്റ്ററന്റിന് പിഴശിക്ഷ. വില 20 രൂപയെന്ന് ബോട്ടിലിൽ പ്രിന്റ് ചെയ്ത കുപ്പിവെള്ളത്തിനാണ് റസ്റ്ററന്റ് 55 രൂപ ഈടാക്കിയത്. ജി.എസ്.ടിയടക്കം 1922 രൂപയാണ് ബില്ലൊടുക്കിയ യുവതിയിൽ നിന്നാണ് റസ്റ്ററന്റ് കുപ്പിവെള്ളത്തിന് അധിക തുക വാങ്ങിയത്.
വെള്ളത്തിന് അധിക തുക വാങ്ങിയതിനെതിരെ യുവതി ജില്ലാ കൺസ്യൂമർ കമീഷനിലാണ് ആദ്യം പരാതി നൽകിയത്. എന്നാൽ, ജില്ല കൺസ്യൂമർ കമീഷണർ പരാതി തള്ളി. തുടർന്ന് യുവതി സംസ്ഥാന കൺസ്യൂമർ കമീഷനിൽ പരാതി നൽകി. സംസ്ഥാന കൺസ്യൂമർ കമീഷനിൽ നടന്ന വാദത്തിനിടെ എയർ കണ്ടീഷനിങ്, സീറ്റിങ് സ്പേസ് തുടങ്ങിയ സൗകര്യങ്ങൾ നൽകുന്നതിന് വേണ്ടിയാണ് കുപ്പിവെള്ളത്തിന് ഉൾപ്പടെ അധിക തുക ഈടാക്കുന്നതെന്ന് റസ്റ്ററന്റിന് വേണ്ടി ഹാജരാക്കിയ അഭിഭാഷകൻ വാദിച്ചു.
എന്നാൽ, ഈ വാദം അംഗീകരിക്കാൻ സംസ്ഥാന കൺസ്യൂമർ കമീഷൻ തയാറായില്ല. റസ്റ്ററന്റിന് ഭക്ഷ്യവസ്തുക്കളുടെ വില നിർണയിക്കാൻ അധികാരമുണ്ട്. എന്നാൽ, ഭക്ഷ്യവില പ്രിന്റ് ചെയ്ത ഉൽപന്നങ്ങൾക്ക് ഈ രീതിയിൽ തോന്നിയ പോലെ വില ഈടാക്കാനാവില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
2011ലെ നിയമപ്രകാരം നികുതിയും ഉൽപാദന ചെലവും വിൽക്കുന്നയാളുടെ ലാഭം ചേർത്താണ് ഇത്തരം ഉൽപന്നങ്ങൾക്ക് വിലയിടാക്കുന്നത്. അതുകൊണ്ട് കുപ്പിവെള്ളം പോലെ നേരത്തെ തന്നെ വില പ്രിന്റ് ചെയ്ത ഉൽപന്നങ്ങൾക്ക് അധിക തുക ഈടാക്കാനാവില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. തുടർന്ന് യുവതിക്ക് കുപ്പിവെള്ളത്തിന്റെ വിലയായി 25 രൂപയും നഷ്ടപരിഹാരമായി 3,000 രൂപയും നൽകാൻ കൺസ്യൂമർ കമീഷൻ വിധിച്ചു.