തലയോട്ടിയും തലച്ചോറും വികസിക്കാതെ ജനനം ; മരിച്ചയുടന്‍ കുഞ്ഞിനെ ദേവിയാക്കി കുടുംബം

 

സംസ്‌കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു.

 

കാളി ദേവിയുടെ അവതാരമായാണ് കുടുംബം കരുതുന്നത്

യുപിയിലെ മെയിന്‍പുരി ജില്ലയില്‍ ജന്മനാ മാരക രോഗം ബാധിച്ച് മരണമടഞ്ഞ പെണ്‍കുഞ്ഞിനെ ദൈവമായി പ്രഖ്യാപിച്ച് കുടുംബം. ഫെബ്രുവരി 2നാണ് കുഞ്ഞു മരിക്കുന്നത്. പിന്നാലെ കുട്ടിയുടെ മൃതദേഹം കുടുംബം എംബാം ചെയ്ത് ഒരാഴ്ച സൂക്ഷിക്കുകയും പിന്നീട് സംസ്‌കരിക്കുകയുമായിരുന്നു. സംസ്‌കാര സ്ഥലം അലങ്കരിക്കുകയും കുഞ്ഞിന്റെ ചിത്രം സ്ഥാപിച്ച് പൂജകളും ഭജനകളും നടത്തുകയും ചെയ്തു.

കാളി ദേവിയുടെ അവതാരമായാണ് കുടുംബം കരുതുന്നത്. ഇതിനകം 60000 രൂപയുടെ വഴിപാടുകള്‍ ലഭിച്ചിട്ടുണ്ട്. സ്ഥലത്തു ക്ഷേത്രം പണിയാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയായിരുന്നു.
ഹല്‍പുര ഗ്രാമത്തിലെ കാഞ്ചന്‍ കുമാര്‍ രാധാ ദേവി ദമ്പതികളുടെ മകളാണ് ദൈവമായി മാറ്റിയിരിക്കുന്നത്. ജനുവരി 21ന് കുചേലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു കുട്ടിയുടെ ജനനം. കുട്ടി ജനിക്കുന്നതിന് മുമ്പ് രാധയുടെ സ്വപ്നത്തില്‍ ഒരു ദേവത വന്ന് തങ്ങളുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ജനിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞതായി കുടുംബം പറഞ്ഞു. എന്നാല്‍ അനെന്‍സഫലി എന്ന രോഗത്തോടെയാണ് കുഞ്ഞ് ജനിച്ചത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം മരിച്ച കുട്ടി പാല്‍ കുടിച്ചെന്നും മൂത്രമൊഴിച്ചെന്നും അയല്‍വാസിയായ ഗീതാ ദേവി അവകാശപ്പെട്ടു. കുട്ടിയുടെ മൃതദേഹത്തെ കാളി ദേവിയുടെ വേഷം ധരിപ്പിച്ച് ആരാധന നടത്തുകയായിരുന്നു. സമീപ ഗ്രാമത്തില്‍ നിന്നു പോലും ഭക്തര്‍ കുട്ടിയുടെ സംസ്‌കാര സ്ഥലം സന്ദര്‍ശിക്കുകയാണ്.
കൂലിപ്പണിക്കാരനായ കാഞ്ചന്‍ കുമാറും ഭാര്യ രാധാ ദേവിയും 11 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ടര വയസുള്ള മകനുണ്ട്. രണ്ടാമത്തെ കുഞ്ഞാണ് ജനനത്തിന് പിന്നാലെ മരിച്ചത്.