ബോറിസ് ജോൺസൻ 21നും 22നും ഇന്ത്യയിൽ ; മോദിയുമായി ചർച്ച നടത്തും

ബോറിസ് ജോൺസൻ 21നും 22നും ഇന്ത്യയിൽ ; മോദിയുമായി ചർച്ച നടത്തും
 

ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ 21ന് ഇന്ത്യ സന്ദർശിക്കും. ദ്വിദിന സന്ദർശനത്തിന് എത്തുന്ന അദ്ദേഹം 21ന് അഹമ്മദാബാദിലാണു വിമാനമിറങ്ങുക. 22നു ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

അഹമ്മദാബാദിൽ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളിലെയും മുഖ്യ വ്യവസായ മേഖലകളിലെ നിക്ഷേപങ്ങൾ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും. പ്രതിരോധം, വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവയിലൂന്നിയ ചർച്ചയാണു ഡൽഹിയിൽ നടക്കുക. സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച യുകെ–ഇന്ത്യ മൂന്നാം തല ചർച്ച ഈ മാസാവസാനമാണു നടക്കുക.

കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയാകാൻ ബോറിസ് ജോൺസനെ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് പശ്ചാത്തലത്തിൽ യാത്ര ഒഴിവാക്കി. ഈ വർഷവും കഴിഞ്ഞ വർഷവും വിദേശ അതിഥി ഇല്ലാതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷവും പരേഡും.