സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവം ; കുടുംബത്തിന് 30 ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവ് 

 സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ മരിച്ച സംഭവത്തിൽ നിർണ്ണായക ഉത്തരവുമായി ബോംബെ ഹൈക്കോടതി. മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. 2021-ൽ നന്ദേഡിലുണ്ടായ ദാരുണമായ സംഭവത്തെത്തുടർന്നാണ് കോടതിയുടെ ഈ ഇടപെടൽ.

സ്വകാര്യ സ്ഥലത്താണ് മരണങ്ങൾ നടന്നതെങ്കിലും, മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ഈ തുക പിന്നീട് കേസിൽ ഉത്തരവാദികളായവരിൽ നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ ഈ മരണങ്ങളെ ‘പരിഷ്കൃത സമൂഹത്തിനേറ്റ ഗുരുതരമായ കളങ്കം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. രാജ്യത്തെ ഭരണഘടനാപരമായ തുല്യതയ്ക്കും അന്തസ്സിനും സുരക്ഷയ്ക്കും മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് കോടതി നിരീക്ഷിച്ചു.

തൊഴിലാളികൾ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപകടകരമായ ഈ ജോലിക്ക് മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഇത്തരം ജോലികൾ തടയുന്നതിനും തൊഴിലാളികളുടെ പുനരധിവാസത്തിനും ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാർഗങ്ങൾ പരിശോധിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച കോടതി, 12 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.