ബാലിയിലുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചു

സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്

 

നടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

ഇന്തോനേഷ്യയിലെ ബാലിയിലുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടി നുസ്രത്ത് ഭറൂച്ചയെ മുംബൈയിലെത്തിച്ചു. എയര്‍ ആംബുലന്‍സിലാണ് നടിയെ മുംബൈയില്‍ എത്തിച്ചത്. തുടര്‍ന്ന് നടിയെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

സിനിമാ ചിത്രീകരണത്തിനും അവധിക്കാലം ചിലവഴിക്കാനുമാണ് നുസ്രത്ത് ഭറൂച്ച ബാലിയിലേക്ക് പോയത്. ബാലിയിലെ ചിത്രീകരണം കഴിഞ്ഞശേഷം ഇവര്‍ വിനോദസഞ്ചാരത്തിനായി താമസം നീട്ടുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നടിയുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. തുടര്‍ന്ന് ബാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുപിന്നാലെയാണ് എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തില്‍നിന്ന് നടിയെ സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് ബാലിയില്‍ അപകടം സംഭവിച്ചതെന്നതില്‍ വ്യക്തതയില്ല.