സ്വകാര്യ ദൃശ്യം കാണിച്ച് ബ്ലാക്ക് മെയില്‍ ; മരിച്ചെന്ന് കാണിച്ച് പൊലീസ് കേസിന്റെ പേരില്‍ ഭീഷണി ; രണ്ടു വര്‍ഷത്തിനിടെ 2.77 കോടി തട്ടിയെടുത്ത് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും സുഹൃത്തും അറസ്റ്റില്‍

തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

 

വ്യവസായിയുടെയും അദ്ദേഹത്തിന്റെ ബന്ധമുണ്ടായിരുന്ന സ്ത്രീയുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ജിതേഷ്, അവ കാണിച്ച് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വ്യവസായിയെ പല കാരണങ്ങള്‍ പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്ത് രണ്ട് വര്‍ഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിലായി. ദക്ഷിണ കന്നഡയിലെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി നിസാം ഇബ്രാഹിം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരെയാണ് ഉര്‍വ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

വ്യവസായിയുടെയും അദ്ദേഹത്തിന്റെ ബന്ധമുണ്ടായിരുന്ന സ്ത്രീയുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ജിതേഷ്, അവ കാണിച്ച് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിനും സമൂഹത്തിനും മുന്നില്‍ അപമാനിതനാകുമോ എന്ന ഭയത്താല്‍ വ്യവസായി പ്രതികള്‍ ആവശ്യപ്പെട്ട പണം ആദ്യ ഘട്ടത്തില്‍ നല്‍കിയെന്ന് പൊലീസ് പറയുന്നു. വ്യവസായിയില്‍ നിന്ന് പണം തട്ടിയ കാര്യം ജിതേഷ് നിസാമിനോട് പറഞ്ഞു. പിന്നീട് ഇരുവരും ചേര്‍ന്ന് പുതിയ തന്ത്രം മെനയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജിതേഷ് ജീവനൊടുക്കിയെന്നും അതിന് ഉത്തരവാദി വ്യവസായി ആണെന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും നിസാം വ്യവസായിയെ വിശ്വസിപ്പിച്ചു. വ്യാജ കുറിപ്പ് കാണിച്ച്, കേസില്‍ നിന്ന് ഒഴിവാക്കാനും അറസ്റ്റ് തടയാനും എന്ന പേരില്‍ വീണ്ടും വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ തുടങ്ങി. നിയമ നടപടികളും ജയില്‍വാസവും ഭയന്ന വ്യവസായി 2024 മുതല്‍ പണം നല്‍കിക്കൊണ്ടിരുന്നു. ഇത്തരത്തില്‍ പലതവണയായി ആകെ 2.77 കോടി രൂപയാണ് വ്യവസായില്‍ നിന്ന് തട്ടിയെടുത്തത്.
എന്നാല്‍ 'ജീവനൊടുക്കിയ' ജിതേഷിനെ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ വെച്ച് വ്യവസായി നേരില്‍ കണ്ടു. ജിതേഷ് ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ  വ്യവസായി ഉടനടി ഉര്‍വ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളായ നിസാമിനെയും ജിതേഷിനെയും അറസ്റ്റ് ചെയ്തു.