കന്നിയങ്കത്തില്‍ പിടിച്ചെടുത്തത് ബിജെപിയുടെ ശക്തികേന്ദ്രം; പ്രശാന്ത് കിഷോറിന് ആശംസകളുമായി എം കെ സ്റ്റാലിന്‍

ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോര്‍ നിയമസഭയിലേക്ക് എത്തുന്നത്.

 

ബങ്കിപ്പൂര്‍ എംഎല്‍എയായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജിവെച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ അട്ടിമറി വിജയം നേടിയത്.

ബിഹാറിലെ ബങ്കിപ്പൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. ബങ്കിപ്പൂരിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതില്‍ ആശംസകള്‍ നേരുന്നതായി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്‌ക്കൊപ്പവും പിന്നീട് വിജയ്‌ക്കൊപ്പവും പ്രശാന്ത് കിഷോര്‍ സഹകരിച്ചിട്ടുണ്ട്. 


'ബങ്കിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ജന്‍ സുരാജിന്റെ ആദ്യ തെരഞ്ഞെടുപ്പ് വിജയം കുറിച്ച പ്രശാന്ത് കിഷോറിന് അഭിനന്ദനങ്ങള്‍. ബങ്കിപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളെയും ബിഹാറിനെയും സേവിക്കുന്നതില്‍ എല്ലാ വിജയങ്ങളും ആശംസിക്കുന്നു'- എം കെ സ്റ്റാലിന്‍ പറഞ്ഞു.

ബങ്കിപ്പൂര്‍ എംഎല്‍എയായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജിവെച്ച ഒഴിവില്‍ നടന്ന ഉപതെരഞ്ഞടുപ്പിലാണ് ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ അട്ടിമറി വിജയം നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി നീരജ് കുമാറിനെ 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോര്‍ നിയമസഭയിലേക്ക് എത്തുന്നത്. നിതിന്‍ നബീന്‍ തുടര്‍ച്ചയായ അഞ്ചുതവണ ജയിച്ച്, 2025ല്‍ അരലക്ഷത്തിലധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ് പ്രശാന്ത് കിഷോര്‍ കന്നിയങ്കത്തിനിറങ്ങിയതും ജയിച്ചുകയറിയതും.