ബംഗാളില്‍ ഉടന്‍ അധികാരത്തിലേറാന്‍ ബിജെപി

തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ പരാജയപ്പെട്ടു

 

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഉടന്‍ അധികാരമേല്‍ക്കാന്‍ ബിജെപി നീക്കം. ആകെ വോട്ടെടുപ്പ് നടന്ന 293 സീറ്റുകളില്‍ 208 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ബിജെപി വേഗത്തിലാക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.


തൃണമൂല്‍ കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമേകിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ പരാജയപ്പെട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് മമതയെ അവരുടെ സ്വന്തം കോട്ടയില്‍ തകര്‍ത്തുവിട്ടത്. 

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബഹാറാംപൂര്‍, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ ടിഎംസി പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. ഉദയ്‌നാരായണ്‍പൂരിലെ ടിഎംസി സ്ഥാനാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. ക്യാന്‍സര്‍ ബാധിതനായ ഒരു പ്രവര്‍ത്തകന്റെ തല ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുപൊട്ടിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് പരാതിപ്പെട്ടു. സംസ്ഥാനത്ത് ബിജെപി ആദ്യമായി ഭരണത്തിലേറാന്‍ ഒരുങ്ങുമ്പോള്‍ വലിയ ആരോപണങ്ങളാണ് തൃണമൂല്‍ ഉന്നയിക്കുന്നത്.