സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നു : കർണാടക മുഖ്യമന്ത്രി 

സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയ് 13 നാണ് ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം വിദ്യാർഥികൾക്ക് സ്കൂളുകളിൽ ഹിജാബ്, പൂണൂൽ, ശിവധാര, രുദ്രാക്ഷം എന്നിവ ധരിക്കാം. 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട നീറ്റ് പരീക്ഷ റദ്ദാക്കിയത് ചർച്ച ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ നടപ്പാക്കിയ ഉത്തരവിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

 

ബംഗളൂരു : സ്കൂളുകളിൽ മതപരമായ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവ് ബി.ജെ.പി വർഗീയവത്കരിക്കുന്നുവെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മേയ് 13 നാണ് ഇത് സംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം വിദ്യാർഥികൾക്ക് സ്കൂളുകളിൽ ഹിജാബ്, പൂണൂൽ, ശിവധാര, രുദ്രാക്ഷം എന്നിവ ധരിക്കാം. 22 ലക്ഷം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട നീറ്റ് പരീക്ഷ റദ്ദാക്കിയത് ചർച്ച ചെയ്യുന്നതിന് പകരം സംസ്ഥാന സർക്കാർ നടപ്പാക്കിയ ഉത്തരവിനെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

ബി.ജെ.പി നേതാക്കൾ ആത്മപരിശോധന നടത്തണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുക എന്ന ഭരണഘടനാ തത്വം പാലിച്ചുകൊണ്ടാണ് സംസ്ഥാനത്തുടനീളമുള്ള സ്കൂളുകളിലും കോളജുകളിലും പുതിയ വസ്ത്രധാരണ രീതി ഇപ്പോൾ നടപ്പാക്കിയത്. ജാതിയുടെയും മതത്തിൻറെയും പേരിൽ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ ഈ തീരുമാനത്തിൽ അസ്വസ്ഥരാകുന്നത് സ്വാഭാവികം മാത്രമാണ്. കോൺഗ്രസ് സർക്കാർ നടത്തിയ സി.ഇ.ടി പരീക്ഷയിൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിൽ പിഴവുകൾ കണ്ടെത്തിയപ്പോൾ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ വലിയ കോലാഹലം സൃഷ്ടിക്കുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

നീറ്റ് പരീക്ഷ ക്രമക്കേടിൽ ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുകയാണ്. ഹിജാബ് വിഷം, പൂണൂൽ വിവാദം തുടങ്ങി ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നടന്ന സംഭവങ്ങൾ ഊതിപ്പെരുപ്പിച്ച് ബി.ജെ.പി നേതാക്കൾ വർഗീയ വിദ്വേഷം വളർത്തി കർണാടകയെ മുഴുവൻ കത്തിച്ചാമ്പലാക്കാൻ ശ്രമിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് കഷ്ടപ്പെടുന്ന വിദ്യാർഥികളുടെ കണ്ണുനീർ അവർക്ക് കാണാൻ കഴിയുന്നില്ലേ? കേന്ദ്രസർക്കാറിന് കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ പിന്തുടരുന്ന വസ്ത്രധാരണ രീതിക്ക് അനുസൃതമായാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയിരിക്കുന്ന വസ്ത്രധാരണ രീതിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.