മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്
ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്.
ഭോപ്പാലില്‍ മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്.
ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ജബല്‍പൂരില്‍ അടുത്തിടെ വൈസ് പ്രസിഡന്റായി നിയമിതയായ അഞ്ജു ഭാര്‍ഗവയ്‌ക്കെതിരെയാണ് വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനം രൂക്ഷമാവുകയാണ്. പൊലീസുകാര്‍ അടക്കമുള്ളവര്‍ ഉള്ള സമയത്താണ് അഞ്ജു ഭാര്‍ഗവ കാഴ്ചാ പരിമിതിയുള്ള യുവതിയെ അധിക്ഷേപിക്കുന്നത്. അസഭ്യം പറഞ്ഞ് യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും നടന്ന അധിക്ഷേപത്തില്‍ വിമര്‍ശനം ശക്തമാണ്.
കയ്യേറ്റം ചെയ്യാതെ സംസാരിക്കാനും മര്യാദയ്ക്ക് സംസാരിക്കാനും യുവതി ആവശ്യപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടുത്ത ജന്മത്തിലും യുവതി കാഴ്ചാപരിമിതി നേരിടുമെന്നതടക്കമുള്ള ശാപവാക്കുകളാണ് ബിജെപി വനിതാ നേതാവ് നടത്തിയത്. ഞെട്ടിക്കുന്ന വീഡിയോ എക്‌സില്‍ കോണ്‍ഗ്രസ് ദേശീയ ചെയര്‍പേഴ്‌സണ്‍ കൂടിയായ സുപ്രിയ ശ്രീനാഥെയാണ് പങ്കുവച്ചത്.