മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി ; ഡിഎംകെയും എന്‍സിപിയും പിന്തുണയ്ക്കുന്നത് നിര്‍ണായകമാകും

ഡിഎംകെയെ അനുനയിപ്പിക്കാന്‍ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാര്‍ട്ടികളുടെ നീക്കം.

 

ഡിഎംകെയും എന്‍സിപിയും വൈകാതെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായേക്കും.

നാളെ തുടങ്ങുന്ന നിര്‍ണായക പാര്‍ലമെന്റ് സമ്മേളനത്തില്‍ മണ്ഡല പുനര്‍നിര്‍ണയ ബില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തില്‍ ബിജെപി. ഡിഎംകെയും എന്‍സിപിയും വൈകാതെ എന്‍ഡിഎ മുന്നണിയുടെ ഭാഗമായേക്കും. അടുത്ത മന്ത്രിസഭ പുനസംഘടനയില്‍ ഇരു കൂട്ടരെയും പരിഗണിക്കും. ഡിഎംകെയെ അനുനയിപ്പിക്കാന്‍ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാര്‍ട്ടികളുടെ നീക്കം.

അതേസമയം, മണ്ഡലപുനര്‍ നിര്‍ണ്ണയ ബില്ലിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി പാര്‍ലമെന്റിലെ ഇരിപ്പിട ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി. ട്രഷറി ബഞ്ചിനോടടുത്ത് ഡിഎംകെ, എന്‍സിപി ശരദ്പവാര്‍ വിഭാഗങ്ങള്‍ക്കാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. ഡിഎംകെയുടെ 22 ഉം, എന്‍സിപിയുടെ 8 ഉം അംഗങ്ങളുടെ ഇരിപ്പിടങ്ങളിലാണ് മാറ്റം. നിര്‍ണ്ണായക നീക്കവുമായി ഡിഎംകെയും രംഗത്തെത്തി. അമിത്ഷായെ നേരില്‍ കണ്ട് ബില്ലിനുള്ള പിന്തുണയറിയിച്ചു. 

അധികാരക്കൊതി മൂത്തെന്നും, ശരദ്പവാര്‍ പഴയതെല്ലാം മറന്നെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു. മൂന്ന് ബില്ലുകളും ലോക്സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തി.