മുതിർന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായുള്ള ബിൽ ഇന്ന് നിയമസഭയിൽ

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക.

 

വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബില്‍ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വയോജനങ്ങളുടെ പരിചരണങ്ങളും അവകാശങ്ങളും ഉറപ്പാക്കുന്ന വയോജനക്ഷേമ ബില്‍ മുഖ്യമന്ത്രി വിഡി സതീശനാണ് സഭയില്‍ അവതരിപ്പിക്കുക.

വയോജനങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.വയോജനങ്ങളെ വീട്ടുകാര്‍ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും അന്‍പതിനായിരം രൂപ പിഴയും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെ മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍, നിയമപരമായ അവകാശികള്‍ എന്നിവര്‍ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ മുതിര്‍ന്നവരെ അവരുടെ അനുമതിയില്ലാതെ എത്തിക്കുന്നതും കുറ്റകരമാണ്.

കുടുംബാംഗങ്ങളോ ബന്ധുക്കളോ പരിചരണകേന്ദ്രത്തിലെ ജീവനക്കാരോ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും '(മുതിര്‍ന്ന പൗരരുടെ പരിചരണവും അവകാശ സംരക്ഷണവും)' ബില്ലില്‍ നിര്‍ദേശിക്കുന്നു.

പരിചരണകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്തേവാസിയുടെ സ്വത്ത് കൈവശപ്പെടുത്തിയാലും മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. രജിസ്ട്രേഷന്‍ ഇല്ലാതെ പരിചരണകേന്ദ്രം നടത്തിയാല്‍ ഒരുവര്‍ഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷാര്‍ഹമാണ്.

വയോജന നിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാതല മേൽനോട്ട സംവിധാനങ്ങൾ സ്ഥാപിക്കും. തിരുവനന്തപുരം ആസ്ഥാനമായി സംസ്ഥാന മുതിർന്ന പൗര സംരക്ഷണ യൂണിറ്റ് വയോജന ക്ഷേമ വകുപ്പ് ഡയറക്ടറായിരിക്കും അധ്യക്ഷൻ. ജില്ലാതലത്തിൽ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും.