ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് ആരോപണങ്ങള്‍ ബിഹാര്‍ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം.

 

18 മന്ത്രിമാര്‍ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എന്‍ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്

ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇന്ത്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിന്‍ഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. കഴിഞ്ഞതവണ ഈ സീറ്റുകളില്‍ 60 എണ്ണം വിജയിക്കാന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. 59 സീറ്റുകളിലാണ് കഴിഞ്ഞതവണ എന്‍ ഡി എ വിജയിച്ചത്. രണ്ട് സീറ്റുകള്‍ മറ്റുള്ളവര്‍ക്കും കിട്ടി. 
അതുകൊണ്ട് കഴിഞ്ഞ തവണത്തെ മുന്‍തൂക്കം നിലനിര്‍ത്തുക എന്നത് ബീഹാറിലെ അധികാര വഴിയില്‍ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താന്‍ ശ്രമിക്കുന്ന ആര്‍ ജെ ഡിയുടെ ശ്രമം. മറുവശത്ത് എന്‍ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 

18 മന്ത്രിമാര്‍ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എന്‍ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്. തലസ്ഥാനമായ പറ്റ്‌നയിലും ഇന്നാണ് വോട്ടെടുപ്പ്. പറ്റ്‌ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് ആരോപണങ്ങള്‍ ബിഹാര്‍ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം.