ബിഹാറിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ; റെയില്‍വേ സ്റ്റേഷന്‍ യുദ്ധക്കളമായി മാറി

ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളികളോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുത്തുകയായിരുന്നു

 

നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി ട്രെയിനുകള്‍ തടയുകയും കല്ലേറ് നടത്തുകയും ചെയ്തത്.

ബിഹാറിലെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വന്‍ സംഘര്‍ഷത്തിലും പരക്കെ അക്രമത്തിലും കലാശിച്ചു. ആവശ്യത്തിന് യാത്രാസൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയോടെയാണ് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി ട്രെയിനുകള്‍ തടയുകയും കല്ലേറ് നടത്തുകയും ചെയ്തത്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ റെയില്‍വേ സ്റ്റേഷന്‍ യുദ്ധക്കളമായി മാറി.

പരീക്ഷ എഴുതാന്‍ വിവിധ ജില്ലകളില്‍ നിന്നായെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളികളോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടുത്തുകയായിരുന്നു. പരീക്ഷാര്‍ത്ഥികള്‍ക്കായി പ്രത്യേകം ഏര്‍പ്പെടുത്തിയ എക്‌സാം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ട്രെയിനുകളുടെ എമര്‍ജന്‍സി ചെയിന്‍ നിരന്തരം വലിച്ച് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തതോടെയാണ് പോലീസ് ഇടപെട്ടത്. ട്രാക്ക് ഒഴിഞ്ഞുപോവാന്‍ തയ്യാറാകാതെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കനത്ത കല്ലേറ് നടത്തി.

ഇതേതുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിയും വന്നു. കല്ലേറില്‍ പാറ്റ്‌ന റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ജിതേന്ദ്ര റാണ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുനൂറ്റമ്പതോളം വരുന്ന വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ച് ട്രെയിനുകള്‍ തടഞ്ഞതായും അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെതിരെ തിരിഞ്ഞ് കല്ലെറിയുകയായിരുന്നു എന്നും ഐജി ജിതേന്ദ്ര റാണ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.