ബിഹാറിൽ 16കാരനെ അന്യായമായി ജയിലിലടച്ചത് രണ്ട് മാസം ; നിയമവിരുദ്ധമെന്ന് കോടതി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്   

ബിഹാറിൽ 16കാരനെ അന്യായമായി രണ്ട് മാസം ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് പട്‌ന ഹൈക്കോടതി.സംഭവത്തിൽ കോടതിക്ക് മൗനം അവലബിക്കാൻ കഴിയിലെന്നും
 

 പട്‌ന: ബിഹാറിൽ 16കാരനെ അന്യായമായി രണ്ട് മാസം ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് പട്‌ന ഹൈക്കോടതി.സംഭവത്തിൽ കോടതിക്ക് മൗനം അവലബിക്കാൻ കഴിയിലെന്നും വിദ്യാർഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി സർക്കാരിനോട് ഉത്തരവിട്ടു. വിദ്യാർഥിയെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നൂ എന്നാരോപിച്ച് കുടുംബം സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ നടപടി. കുട്ടിയുടെ തടങ്കൽ പൂർണമായും ന്യായീകരണമില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. 2025 ഒക്ടോബർ 23നാണ് മതിയായ തെളിവോ കാരണമോ ഇല്ലാതെ 16കാരനെ പോലിസ് അറസ്റ്റ് ചെയ്തത്.

മധേപുരയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കേസ്. എഫ്ഐആറിൽ കുട്ടിയുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, ചാർജ് ഷീറ്റിൽ പേര് ഉണ്ടായിരുന്നില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടിയുടെ പ്രായം തെറ്റായി 19 എന്ന് രേഖപ്പെടുത്തി ഒക്ടോബർ 23-ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കുട്ടി രണ്ട് മാസത്തിലധികം അനുഭവിച്ച ''ശാരീരികവും മാനസികവുമായ വേദന'' പരിഗണിച്ചാണ് 5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പ് ലഭിച്ച തിയ്യതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ തുക നൽകണമെന്നും നിർദേശിച്ചു. അന്വേഷണം പൂർത്തിയായതിന് ശേഷം, കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈ നഷ്ടപരിഹാര തുക തിരിച്ചുപിടിക്കണമെന്നും, അത് ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനായി കുടുംബം ചെലവഴിച്ച തുകയായി അധികമായി 15,000 നൽകാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, കേസിൽ ഭരണപരമായ അന്വേഷണം ആരംഭിക്കാൻ ബിഹാർ ഡിജിപിയോടും ഹൈക്കോടതി നിർദേശിച്ചു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ നടപടി സ്വീകരിച്ച്, കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ചെലവും നഷ്ടപരിഹാരവും ഈടാക്കണമെന്നും കോടതി പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയായിട്ടും, യാതൊരു തെളിവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റ് യാന്ത്രികമായി ജയിലിലേക്ക് അയക്കുകയും ചെയ്തതിലൂടെ കുട്ടിയുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.