ബിഹാർ പ്രശസ്തമായ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 7 മരണം
ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലുള്ള പ്രശസ്തമായ അശോക്ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ ദാരുണമായി കൊല്ലപ്പെട്ടു. ഓഗസ്റ്റ് 17 – ന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തമുണ്ടായതെന്ന് ബിഹാർ പൊലീസിനെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. ശിവക്ഷേത്രങ്ങളിൽ അതിപ്രാധാന്യമുള്ള ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ കനത്ത ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്.
ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30-നും 6.45-നും ഇടയിൽ രണ്ട് ട്രെയിനുകൾ കൂടി എത്തിയതോടെ തിരക്ക് പതിവിലും അധികമായി വർധിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന് ചിലർ പ്രചരിപ്പിച്ചതാണ് പെട്ടെന്ന് തിക്കുംതിരക്കും ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. എങ്കിലും യഥാർത്ഥ കാരണമെന്താണെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് എസ്.ഡി.പി.ഒ. ശിവം കുമാർ വ്യക്തമാക്കി.
അതേസമയം, തിരക്ക് മുൻകൂട്ടിക്കകണ്ടുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കിയിരുന്നുവെന്ന് ലഖിസാരായി ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ പ്രതികരിച്ചു. ആൾക്കൂട്ടത്തിൽ നിന്നുണ്ടായ അമിത സമ്മർദ്ദം മൂലം ബാരിക്കേഡിന്റെ ഒരു വശം തകർന്നുപോവുകയും, പിന്നാലെ ഒരാൾക്ക് മുകളിലേക്ക് മറ്റൊരാൾ പതിക്കുന്ന ഭീകരാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പതിനഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.