എ.ഐയുടെ ദുരുപയോഗം ഭസ്മാസുരന് ലഭിച്ച വരം പോലെ, തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ ഈ സാങ്കേതികവിദ്യ പല മേഖലകളെയും ദോഷകരമായി ബാധിക്കും ; രാജ്നാഥ് സിങ്
ന്യൂഡൽഹി : എ.ഐയുടെ ദുരുപയോഗത്തെ പുരാണകഥാപാത്രമായ ഭസ്മാസുരനോട് ഉപമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ ഈ സാങ്കേതികവിദ്യ പല മേഖലകളെയും ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിരോധത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എ.ഐയുടെ ശോഭനമായ വശങ്ങൾ മാത്രം കണ്ടാൽ പോര. ഡീപ്പ് ഫേക്കുകൾ, സൈബർ യുദ്ധങ്ങൾ, സ്വയം നിയന്ത്രിത ആയുധങ്ങൾ എന്നിവ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഭാവിയിൽ ഇത്തരം ഭീഷണികൾ വർധിക്കാനാണ് സാധ്യത, അദ്ദേഹം അറിയിച്ചു.
സോഫ്റ്റ്‌വെയറുകളിലെ പിഴവുകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും എ.ഐക്ക് സാധിക്കും. ബാങ്കിംഗ്, ആശുപത്രികൾ, പവർ ഗ്രിഡുകൾ എന്നിവയെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ തെറ്റായ കൈകളിൽ എത്തിയാൽ അവ തകരാനും കാരണമാകും. ഭസ്മാസുരന് ശിവൻ നൽകിയ വരം പിന്നീട് അദ്ദേഹത്തിന് തന്നെ ഭീഷണിയായതുപോലെ. അതേ സമയം എ.ഐയെ ഇന്ത്യയുടെ സായുധ സേനയുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി വിവധ മേഖലകളിൽ ഇത് പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ നാം സ്വീകരിക്കുമ്പോഴും അതിന്റെ മറുവശത്തെ അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പ്രതിരോധ മന്ത്രി ഓർമിപ്പിച്ചു.