ബെംഗളൂരുവില്‍ നടുറോഡില്‍ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന സംഭവം ; ഭര്‍ത്താവിന് തോക്ക് ലഭിച്ചത് വാടക കൊലയാളിയില്‍ നിന്ന്
ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ആളൊഴിഞ്ഞ ഇടത്ത് തടഞ്ഞുനിര്‍ത്തി ബാലമുരുകന്‍ വെടിവയ്ക്കുകയായിരുന്നു.
ഡിസംബര്‍ 23നാണ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് തന്നില്‍ നിന്ന് അകന്ന് കഴിയുകയായിരുന്ന ഭുവനേശ്വരിയെ ഭര്‍ത്താവ് ബാലമുരുകന്‍ നടുറോഡില്‍ വെടിവച്ച് കൊന്നത്.
ബെംഗളൂരുവില്‍ നടുറോഡില്‍ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. ഭാര്യയെ കൊല്ലാന്‍ സഹായം ആവശ്യപ്പെട്ട് ഭര്‍ത്താവ് ബാലമുരുകന്‍ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ സേലം സ്വദേശി മൗലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 23നാണ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് തന്നില്‍ നിന്ന് അകന്ന് കഴിയുകയായിരുന്ന ഭുവനേശ്വരിയെ ഭര്‍ത്താവ് ബാലമുരുകന്‍ നടുറോഡില്‍ വെടിവച്ച് കൊന്നത്.
ബാങ്ക് ഉദ്യോഗസ്ഥയായ ഭുവനേശ്വരി ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ ആളൊഴിഞ്ഞ ഇടത്ത് തടഞ്ഞുനിര്‍ത്തി ബാലമുരുകന്‍ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഭുവനേശ്വരി തത്ക്ഷണം മരിച്ചു. പിന്നാലെ ബാലമുരുകന്‍ പൊലീസ് സ്റ്റേഷനിലെത്തി തോക്കുമായി കീഴടങ്ങിയിരുന്നു. ഈ തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണമാണ് ഇപ്പോള്‍ മറ്റൊരു അറസ്റ്റിലേക്ക് നയിച്ചിരിക്കുന്നത്. സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ടയാണ് അറസ്റ്റിലായത്. ഭാര്യയെ കൊല്ലാന്‍ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ബാലമുരുകന്‍ വെളിപ്പെടുത്തുകയായിരുന്നു.
ഇതിനായി പണവും കൈമാറി. പിന്നാലെ മൗലേഷ് തോക്ക് നല്‍കി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകള്‍ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബെംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ നേരിട്ട് കൊലപ്പെടുത്താന്‍ ബാലമുരുകന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം. മഗഡി റോഡ് പൊലീസാണ് സേലത്തെത്തി മൗലേഷിനെ അറസ്റ്റ് ചെയ്തത്. ബാലമുരുകന്‍ റിമാന്‍ഡിലാണ്.