ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ബെംഗളൂരു
രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരു ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. നെതർലൻഡ്‌സ് ആസ്ഥാനമായ ലൊക്കേഷൻ ടെക്‌നോളജി സ്ഥാപനമായ ‘ടോംടോം’ പുറത്തിറക്കിയ 2025-ലെ ട്രാഫിക് ഇൻഡെക്‌സിലാണ് ഈ വിവരങ്ങളുള്ളത്. മെക്‌സിക്കോ നഗരമാണ് പട്ടികയിൽ ഒന്നാമത്. അയർലൻഡിലെ ഡബ്ലിൻ നഗരത്തെ പിന്നിലാക്കിയാണ് ബെംഗളൂരു ഈ മോശം നേട്ടം കൈവരിച്ചത്. നഗരത്തിലെ വാഹനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ വെറും 16.6 കിലോമീറ്റർ മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ടോംടോം റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള നഗരവും ബെംഗളൂരുവാണ്. ഇവിടെ 10 കിലോമീറ്റർ ദൂരം പിന്നിടാൻ ശരാശരി 28 മിനിറ്റും 10 സെക്കൻഡും എടുക്കുന്നു. നാല് കിലോമീറ്റർ സഞ്ചരിക്കാൻ തന്നെ ഏകദേശം 15 മിനിറ്റോളം ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ഗതാഗതക്കുരുക്ക് കാരണം നഗരവാസികൾക്ക് ഒരു വർഷം ശരാശരി 132 മണിക്കൂർ അധികമായി റോഡിൽ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും വർധിക്കുന്നതിന് അനുസരിച്ച് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.