ഏകീകൃത സിവില്‍ കോഡുമായി ബംഗാള്‍; കരട് ബില്ല് ജൂലൈ രണ്ടിന് പരിഗണിക്കും

യുസിസി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.

 

യുസിസി ബില്ലിന്റെ കരട് തയ്യാറാക്കാന്‍ ഒരു സമിതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുസിസി കരട് ബില്‍ ജൂലൈ രണ്ടിന് സംസ്ഥാന മന്ത്രിസഭ പരിഗണിക്കും. ഇതിന് ശേഷം ഓഗസ്റ്റില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സുവേന്ദു അധികാരി സഭയില്‍ പറഞ്ഞു.

യുസിസി ബില്ലിന്റെ കരട് തയ്യാറാക്കാന്‍ ഒരു സമിതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതിക്ക് നേതൃത്വം നല്‍കുന്നത്. നിയമ വിദഗ്ധരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് ഒരു മാസത്തെ സമയമാണ് നല്‍കിയിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഓഗസ്റ്റില്‍ ബില്‍ സഭയില്‍ കൊണ്ടുവരികയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുസിസി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. എന്തുവന്നാലും ബംഗാളില്‍ യുസിസി നടപ്പാക്കുമെന്നും യുസിസി ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.