ബെംഗളൂരുവിൽ ബാങ്കിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരു മണിപ്പാൽ അക്കാദമിയിലെ ബാങ്കിംഗ് വിദ്യാർത്ഥിയും ബിഹാർ സ്വദേശിയുമായ ചുന്നു കുമാറിനെ (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേയ് 18-ന് നടന്ന പരീക്ഷ പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങിയ ചുന്നുവിനെ വൈകുന്നേരത്തോടെയാണ് റൂംമേറ്റ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്കാദമിയിലെ ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ ക്ലാസ് മുറിയിൽ പരസ്യമായി അപമാനിക്കുകയും “ഒന്നിനും കൊള്ളാത്തവൻ” എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
അമിതമായ പ്രോജക്റ്റ് ജോലികൾ നൽകിയുള്ള നിരന്തരമായ മാനസിക പീഡനം കാരണം ചുന്നു കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ ആത്മഹത്യാ പ്രേരണ, ക്രിമിനൽ ഭീഷണി, മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി കർണാടക പോലീസ് അക്കാദമി അധികൃതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
വകുപ്പ് മേധാവി ചന്ദ്രശേഖർ കന്നഹിയ, അധ്യാപിക സുനിതാശ്രീ ജഗതപ്, പ്രോഗ്രാം മേധാവി വെങ്കിടേഷ് കെ.വി എന്നിവരുൾപ്പെടെയുള്ള മാനേജ്‌മെന്റ് അംഗങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മരണം നടന്നിട്ടും പോലീസിനെ ഉടൻ വിവരമറിയിക്കാതെ അധികൃതർ എത്തുന്നതിന് മുൻപ് മൃതദേഹം മുറിയിൽ നിന്ന് മാറ്റിയെന്നും, സംഭവത്തെക്കുറിച്ച് പുറത്തുപറയാതിരിക്കാൻ സഹപാഠികളെ ഭീഷണിപ്പെടുത്തിയെന്നും ചുന്നുവിന്റെ പിതാവ് മുന്ന കുമാർ പരാതിപ്പെട്ടു. വിഷയത്തിൽ അക്കാദമി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.