ക്രെഡിറ്റ് കാർഡ് അക്കൗണ്ട് റദ്ദാക്കുന്നതിൽ വീഴ്ച ; ഉപഭോക്താവിന് ബാങ്ക്  3.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ഉപഭോക്താവിന്റെ  ക്രെഡിറ്റ് കാർഡ് അക്കൗണ്ട് റദ്ദാക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്കിന് കനത്ത തിരിച്ചടി. ഉപഭോക്താവ് നൽകിയ പരാതിയിൽ 3.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ ഫോറം ഉത്തരവിട്ടു.അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി വൈകിപ്പിക്കുകയും ഇതിനിടെ അനാവശ്യ ചാർജുകൾ ഈടാക്കുകയും ചെയ്തതിനാണ് ബാങ്കിനെതിരെ നടപടി
 

ന്യൂഡൽഹി: ഉപഭോക്താവിന്റെ  ക്രെഡിറ്റ് കാർഡ് അക്കൗണ്ട് റദ്ദാക്കുന്നതിൽ വീഴ്ച വരുത്തിയ ബാങ്കിന് കനത്ത തിരിച്ചടി. ഉപഭോക്താവ് നൽകിയ പരാതിയിൽ 3.2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കൺസ്യൂമർ ഫോറം ഉത്തരവിട്ടു.അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി വൈകിപ്പിക്കുകയും ഇതിനിടെ അനാവശ്യ ചാർജുകൾ ഈടാക്കുകയും ചെയ്തതിനാണ് ബാങ്കിനെതിരെ നടപടി. ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ അപേക്ഷ നൽകി ഏഴ് പ്രവൃത്തിദിവസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നാണ് റിസർവ് ബാങ്ക് ചട്ടം.

ഇതിൽ വീഴ്ച വരുത്തിയാൽ ഓരോ ദിവസത്തിനും 500 രൂപ വീതം ഉപഭോക്താവിന് പിഴ നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്. ഈ കേസിൽ വർഷങ്ങളോളം നടപടി നീണ്ടുപോയതാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി മാറാൻ കാരണമായത്.

തന്റെ ക്രെഡിറ്റ് സ്കോറിനെ ബാങ്ക് നടപടികൾ മോശമായി ബാധിച്ചുവെന്നും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും കാണിച്ചാണ് ഉപഭോക്താവ് പരാതി നൽകിയത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ സേവനത്തിലെ വീഴ്ച ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഫോറം, അപേക്ഷ ലഭിച്ച തീയതി മുതൽ കാർഡ് ക്ലോസ് ചെയ്ത തീയതി വരെയുള്ള കാലയളവിലെ പിഴ കണക്കാക്കി തുക നൽകാൻ നിർദേശിക്കുകയായിരുന്നു.

ക്രെഡിറ്റ് കാർഡ് സേവനങ്ങൾ അവസാനിപ്പിക്കുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഈ വിധി ബാങ്കുകൾക്ക് കൃത്യമായ മുന്നറിയിപ്പാണ് നൽകുന്നത്.