വാഴപ്പഴം മോഷ്ടിച്ചെന്ന് ആരോപണം; തർക്കത്തിന് പിന്നാലെ  ബംഗ്ലാദേശില്‍ വ്യാപാരിയെ തല്ലിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ 

ലിറ്റണ്‍ ചന്ദ്ര ദാസ് (55)ആണ് ആള്‍ക്കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

ഗാസിപുര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം

ധാക്ക: ബംഗ്ലാദേശില്‍ വാഴപ്പഴത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വ്യാപാരിയെ തല്ലിക്കൊന്നു. ലിറ്റണ്‍ ചന്ദ്ര ദാസ് (55)ആണ് ആള്‍ക്കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസിപുര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിൽ  ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വപന്‍ മിയ (55), ഭാര്യ മജീദ ഖാത്തൂണ്‍ (45), മകന്‍ മാസും മിയ (28) എന്നിവരാണ് അറസ്റ്റിലായത്.

മാസുമിന്റെ ഉടമസ്ഥയിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് വാഴപ്പഴം ലിറ്റണ്‍ ചന്ദ്ര ദാസ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് കാളിഗഞ്ച് പൊലീസ് പറഞ്ഞു. ലിറ്റണിന്റെ ഹോട്ടലില്‍ നിന്ന് വാഴപ്പഴങ്ങള്‍ കണ്ടെത്തിതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്ന് ലിറ്റണ്‍ ദാസിനെ ആദ്യം ഇടിക്കുകയും ചവിട്ടുകയും തുടര്‍ന്ന് ചട്ടുകം കൊണ്ട് അടിക്കുകയും ചെയ്തു തുടർന്ന് ലിറ്റണ്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.