ബംഗ്ലാദേശ് ഇന്ത്യക്കാർക്കുള്ള വിസ സേവനം താൽക്കാലികമായി നിർത്തിവെച്ചു

 

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷൻ ഇന്ത്യക്കാർക്കുള്ള വിസ, കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം സേവനങ്ങൾ തൽക്കാലം നിർത്തിവെക്കുകയാണെന്നാണ് അറിയിപ്പ്.

ബംഗ്ലാദേശിലെ ചാറ്റോഗ്രാമിലെ (ചിറ്റഗോങ്) ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററിലെ വിസ സേവനങ്ങൾ ഞായറാഴ്ച ഇന്ത്യ നിർത്തിവെച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ നടപടി. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്താക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവ് ശരീഫ് ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ഇന്ത്യ -ബംഗ്ലാ​ദേശ് നയതന്ത്ര ബന്ധം വഷളാവുന്നതിലേക്ക് നയിക്കുന്നു.

ഹാദിയുടെ കൊലപാതകത്തിന് ശേഷം ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈകമീഷണറുടെ വസതിക്ക് നേരെ കല്ലേറുണ്ടായി. ധാക്കയിലെ ഇന്ത്യൻ ഹൈകമീഷന് മുന്നിലും ഖുൽനയിലും രാജ്ഷാഹിയിലുമുള്ള ഇന്ത്യൻ അസിസ്റ്റന്റ് ഹൈകമീഷനുകൾക്ക് പുറത്തും ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. പ്രതിഷേധക്കാർ ഹിന്ദു യുവാവിനെ വധിച്ചതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഹിന്ദു യുവാവിന്റെ വധത്തിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.