കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്

പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
 

കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്. 

പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധ മാര്‍ച്ചെന്നാണ് ടിഎംസി ആരോപണം.

പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസും രംഗത്തെത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഏറ്റവും മോശം കാര്യമാണ് കൊല്‍ക്കത്തയിലെ തെരുവുകളില്‍ കാണുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. 'രാജ്യത്തിന്റെ പതാകയല്ലാതെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയില്ല. എന്നാല്‍ അവര്‍ കണ്ണീര്‍ വാതകവും ലാത്തിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ അക്രമിക്കുമ്പോള്‍ ദേശീയ പതാകയെയും വികാരത്തെയുമാണ് അപമാനിക്കുന്നത്. എന്നാല്‍ ഇത് ഒടുക്കത്തിന്റെ തുടക്കമാണ്,' അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റ് നബന്നയിലേക്ക് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പായ ഛത്ര സമാജ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കൊല്‍ക്കത്തയിലും ഹൊവാറയിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. 200 ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് പ്രതിഷേധത്തിന്റെ ഇടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.