പെൺകുഞ്ഞിനെ 40,000 രൂപക്ക് വിറ്റ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ
Nov 28, 2024, 19:55 IST
ഭുവനേശ്വർ : നാല് വയസ്സുകാരിയെ 40,000 രൂപക്ക് വിറ്റ സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേരെ ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിന് സമീപം ബഗദാഗ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കൾ, പിപീലിയിൽ കുട്ടികളില്ലാത്ത മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിഹാറിൽനിന്നുള്ള മാതാപിതാക്കൾ ബഗദാഗയിൽ കൂലിപ്പണിക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയെ രക്ഷിക്കുകയായിരുന്നു. അറസ്റ്റിലായ മറ്റുനാലുപേർ ഇടനിലക്കാരാണ്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. മാതാപിതാക്കൾ കുറ്റം സമ്മതിച്ചതായാണ് വിവരം. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.