ഒഡീഷയില് രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു ; മൂന്ന് ലക്ഷം ജനനങ്ങളില് ഒന്നില് മാത്രമായി സംഭവിക്കുന്ന അപൂര്വ്വത
വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്
ബെര്ഹാംപൂരിലെ എംകെസിജി മെഡിക്കല് കോളേജ് ആശുപത്രിയിലെ സ്പെഷ്യല് നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്എന്സിയു) കുട്ടിയെ മാറ്റി.
ഒഡിഷയിലെ കന്ധമാല് ജില്ലയില് അപൂര്വ്വമായ അവസ്ഥയോടെ കുഞ്ഞ് ജനിച്ചു. ഒരു കുട്ടിക്ക് രണ്ട് തലകളും കഴുത്തുകളും എന്നാല് ഒരു ശരീരം മാത്രവുമുള്ള അപൂര്വ്വ അവസ്ഥയിലാണ് കുഞ്ഞ് പിറന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് (ഒക്ടോബര് 10) സിസേറിയനിലൂടെ കുഞ്ഞ് പിറന്നത്. തുടര്ന്ന് ബെര്ഹാംപൂരിലെ എംകെസിജി മെഡിക്കല് കോളേജ് ആശുപത്രിയിലെ സ്പെഷ്യല് നവജാത ശിശു പരിചരണ വിഭാഗത്തിലേക്ക് (എസ്എന്സിയു) കുട്ടിയെ മാറ്റി.
വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കന്ധമാല് ജില്ലയിലെ തുമുദിബന്ധ് പ്രദേശവാസിയായ ദിവസക്കൂലി തൊഴിലാളിയുടെ ആദ്യത്തെ കുഞ്ഞാണിത്. 32 ആഴ്ച മാത്രം വളര്ച്ചയെത്തിയപ്പോഴാണ് കുട്ടി ജനിച്ചത്. ഒരു ജോടി കൈകളും കാലുകളുമാണ് ആണ്കുട്ടിക്കുള്ളത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ചുള്ള കൂടുതല് വിവരങ്ങള് ഇതുവരെ പുറത്തുവന്നിട്ടില്ല. മെഡിക്കല് സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോള് കഴിയുന്നത്.
അപൂര്വ്വങ്ങളില് അപൂര്വ്വമായി, അതായത് മൂന്ന് ലക്ഷം ജനനങ്ങളില് ഒന്നില് മാത്രമാണ് സമാനമായ ജോടി കുട്ടികളുടെ ജനനം റിപ്പോര്ട്ട് ചെയ്യപ്പെടാറുള്ളത്. ഒഡിഷയില് ഏറെ ചര്ച്ചയായ ജഗ-കലിയ സഹോദരങ്ങളുടെ വാര്ത്തയും ഈ സംഭവത്തോടെ വീണ്ടും ചര്ച്ചയായിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില നിര്ണായകമായതിനാല് അടുത്ത ദിവസങ്ങളിലെ പരിശോധനകള്ക്ക് ശേഷമേ തുടര്ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഡോക്ടര്മാര് വ്യക്തമാക്കി.