അയോധ്യ ക്ഷേത്രക്കൊള്ള ; ജീവനക്കാരനായ അവിനാശ് ശുക്ലയെ മുഖ്യപ്രതിയാക്കി എസ്.ഐ.ടി
ന്യൂഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതി അവിനാശ് ശുക്ലയെന്ന ജീവനക്കാരനാണെന്ന് അന്വേഷണ സംഘത്തിൻറെ പ്രാഥമിക റിപ്പോർട്ട്. മൂന്നംഗ എസ്.ഐ.ടിയുടെ കണ്ടെത്തലുകൾ ക്ഷേത്ര ട്രസ്റ്റിൻറെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാവനപ്പണം എണ്ണുന്ന ജീവനക്കാരിൽ ഒരാളായ ഇയാളെ ഒന്നാം പ്രതിയായാണ് റിപ്പോർട്ടിൽ പറയുന്നത്.
വേറെ അഞ്ച് പ്രതികളെ തിരിച്ചറിയാൻ, ഇയാൾ അന്വേഷണ സംഘത്തെ സഹായിക്കുകയും സംഭാവന എണ്ണുന്ന വിധം എങ്ങനെയാണെന്ന് വിശദമാക്കുകയും ചെയ്തു. 30 കാരനായ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഉത്തർപ്രദേശ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് സമർപ്പിച്ച ഒമ്പത് പേജുള്ള റിപ്പോർട്ട് വ്യക്തമാക്കി. സംഭാവന എണ്ണുന്ന മുറിയിൽ നിന്ന് 40 ദിവസത്തെ കാലയളവിൽ 70 തവണ മോഷണം നടന്നതായാണ് എസ്.ഐ.ടി പ്രഥമദൃഷ്‍ട്യാ കണ്ടെത്തിയിരിക്കുന്നത്. ശുക്ല പല തവണ കെട്ടുകണക്കിന് നോട്ടുകൾ ഒളിച്ചുകടത്തിയെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ആവർത്തിച്ച് പരിശോധിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവരും പണം കടത്തുന്നതായി കണ്ടെത്തി. പണം മാറ്റാനും ഒളിപ്പിക്കാനും അനുകൽപ് മിശ്ര, ലവ്‍കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവർ ശുക്ലയെ സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്.