അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ; പ്രതികളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ച് കോടതി 

 അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ തട്ടിയെടുത്ത കേസിലെ എട്ടു പ്രതികളെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

 

 അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകൾ തട്ടിയെടുത്ത കേസിലെ എട്ടു പ്രതികളെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്. അവിനാഷ് ശുക്ല, ടിന്നു യാദവ് ഉൾപ്പെടെയുള്ള പ്രതികളിൽ നിന്ന് റെയ്ഡുകളിലൂടെ ഏകദേശം 79 ലക്ഷത്തോളം രൂപ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാമക്ഷേത്രത്തിലെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്നവരും ട്രസ്റ്റുമായി അടുത്ത ബന്ധമുള്ളവരുമാണ് അറസ്റ്റിലായവരിൽ ഏറെയും.

തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവർ സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവരെയും കേസിൽ പ്രതിചേർക്കണമെന്നും കൂടുതൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. പ്രതികൾക്കായി ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും ഹാജരാകേണ്ടതില്ലെന്ന് അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്. അഥവാ ആരെങ്കിലും ഹാജരായാൽ 5 ലക്ഷം രൂപ പിഴ ചുമത്തുമെന്നും അവർ വ്യക്തമാക്കി.

അയോധ്യ വിഷയം വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രധാന ആയുധമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേസിൽ സമഗ്രമായ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം വിവിധ തലങ്ങളിൽ ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ യു.പി സർക്കാർ നിയോഗിച്ച എസ്.ഐ.ടിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് തട്ടിപ്പിന്റെ വ്യാപ്തി കൂടുതൽ വ്യക്തമാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.