അയോധ്യ സംഭാവന തട്ടിപ്പ്; CBI അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി ഇതുവരെ എഫ്‌ഐആറോ ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍.ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ക്ഷേത്രത്തില്‍ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കും ട്രസ്റ്റിനും നിര്‍ദേശം നല്‍കി.
ലക്ഷകണക്കിന് വരുന്ന ഭക്തരുടെ ആത്മവിശാസത്തെയും പൊതുതാത്പര്യത്തെയും സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു വലിയ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അയോധ്യയില്‍ ക്ഷേത്രം സ്ഥാപിക്കുന്നതിനായി തലമുറകളോളം കാത്തിരുന്നവരില്‍ ആഴത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്‌ഐടി ഇതുവരെ എഫ്‌ഐആറോ ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സങ്കീര്‍ണമായ സാമ്പത്തിക - ക്രിമിനല്‍ കേസുകളിലെ അന്വേഷണങ്ങള്‍ക്ക് വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു സിംഗിള്‍ ഏജന്‍സിക്ക് കൈമാറിയാല്‍, ഒരു പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തേക്കാള്‍ ആത്മവിശ്വാസം പൊതുജനത്തിന് നല്‍കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം, സ്വര്‍ണം, വെള്ളി, വജ്രം എന്നിവയടങ്ങുന്ന അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. ക്ഷേത്രത്തിനായി നല്‍കിയ 60 കിലോഗ്രാം വെള്ളിക്കട്ടകള്‍ കാണാനില്ലെന്ന് ജ്വല്ലേഴ്സ് അസോസിയേഷനും ആരോപണം ഉന്നയിച്ചു കഴിഞ്ഞു. അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം പൂര്‍ത്തിയാക്കും വരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.