അയോധ്യ സംഭാവനക്കൊള്ള; വാര്‍ത്ത പുറത്തെത്തിച്ച അഭിഷേക് ഉപാധ്യായയുടെ എക്‌സ് അക്കൗണ്ട് വിവരങ്ങള്‍ തേടി യുപി പൊലീസ്

അന്വേഷണം തുടരുന്നതില്‍ എന്താണ് പ്രശ്നം? ഞങ്ങള്‍ നിങ്ങള്‍ക്ക് ഇതിനകം സംരക്ഷണം നല്‍കിയിട്ടുണ്ട്. അവരെ അന്വേഷിക്കാന്‍ അനുവദിക്കൂ, എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

 

എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ആഴ്ച തന്നെ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഹര്‍ജിയുമായി അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ള പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ഉപാധ്യായ വീണ്ടും സുപ്രീം കോടതിയില്‍. തന്റെ എക്സ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനോട് ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. നടപടി ഉടന്‍ സ്റ്റേ ചെയ്യുകയും റദ്ദാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.

റോഡ് റേജ് സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ചോദ്യം ചെയ്ത് അദ്ദേഹം നേരത്തെ നല്‍കിയിരുന്ന റിട്ട് ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കെയാണ് പുതിയ അപേക്ഷ. ഗാസിയാബാദ് ക്രൈം ബ്രാഞ്ച് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഓഗസ്റ്റ് 22ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 94 പ്രകാരം നല്‍കിയ നോട്ടീസാണ് അദ്ദേഹം ചോദ്യം ചെയ്തത്.
ഓഗസ്റ്റ് 26ന് തന്റെ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടതായി എക്സിന്റെ നിയമസംഘം അഭിഷേക് ഉപാധ്യായയെ അറിയിച്ചിരുന്നു. എഫ്ഐആറില്‍ പറയുന്ന സംഭവം ഓഗസ്റ്റ് 18നുള്ളതാണെങ്കിലും, പൊലീസ് ജൂണ്‍ 1 മുതല്‍ ഉള്ള വിവരങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ടിനായി ഉപാധ്യായ വിവരങ്ങള്‍ ശേഖരിച്ച കാലയളവാണിത്. ആ വിവരങ്ങള്‍ പുറത്തുവന്നാല്‍, മുഴുവന്‍ വാര്‍ത്താ ഉറവിടങ്ങളും സംസ്ഥാന സംവിധാനത്തിന്റെ നിയന്ത്രണത്തിലാകും എന്നായിരുന്നു അഭിഷേകിന്റെ വാദം.

എന്നാല്‍ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കഴിഞ്ഞ ആഴ്ച തന്നെ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, അന്വേഷണം തുടരുന്നതില്‍ എന്താണ് പ്രശ്നം? ഞങ്ങള്‍ നിങ്ങള്‍ക്ക് ഇതിനകം സംരക്ഷണം നല്‍കിയിട്ടുണ്ട്. അവരെ അന്വേഷിക്കാന്‍ അനുവദിക്കൂ, എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.